മുസഫ: COVID-19 പരിശോധനകളും അണുനശീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു

GCC News

COVID-19 വ്യാപനം തടയുന്നതിനായി, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) മുസഫയിൽ ആരംഭിച്ചിട്ടുള്ള സൗജന്യ COVID-19 പരിശോധനകളും അണുനശീകരണ പ്രവർത്തനങ്ങളും കൃത്യതയോടെ പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. മുസഫയിലെ തൊഴിലാളികളുടെ ഇടയിൽ കൊറോണ വൈറസ് പരിശോധനകൾ നടത്തുന്നതിനായൊരുക്കിയ കേന്ദ്രത്തിൽ ദിനംപ്രതി 12 രാജ്യങ്ങളിൽ നിന്നുള്ള 2500 മുതൽ 3000 ആളുകളെ പരിശോധനകൾക്ക് വിധേയരാക്കിവരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

COVID-19 പരിശോധനകൾ സമൂഹത്തിൽ വർദ്ധിപ്പിക്കാനുള്ള യു എ എയുടെ നയത്തിന്റെ ഭാഗമായാണ് DOH മുസഫയിൽ ഈ പ്രത്യേക ദൗത്യം നടപ്പിലാക്കുന്നത്. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന ഈ രോഗനിവാരണ പദ്ധതിയുടെ ആദ്യ ഘട്ടം മെയ് 9, ശനിയാഴ്ച്ച രാത്രി മുതൽ മുസഫയിലെ 3, 5, 6, 23 എന്നീ നാലു ബ്ലോക്കുകളിൽ ആരംഭിച്ചിരുന്നു. ഈ മേഖലകളിലെ നിവാസികളെ ദിനവും 50 മുതൽ 70 വരെ പ്രത്യേക ബസ് സർവീസുകളിലായാണ് പരിശോധനാ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. ദിനവും 1500 മുതൽ 1800 വരെ COVID-19 ടെസ്റ്റുകൾ ഈ കേന്ദ്രങ്ങളിൽ നടത്തുന്നുണ്ട്.

മുസഫയിൽ നടപ്പിലാക്കി വരുന്ന COVID-19 പരിശോധനകളുടെയും അണുനശീകരണ നടപടികളുടെയും രണ്ടാം ഘട്ടം ഇന്ന് രാത്രി (മെയ് 16, ശനിയാഴ്ച്ച) മുതൽ ആരംഭിക്കുമെന്ന്, മെയ് 15-നു അബുദാബി മീഡിയ ഓഫിസ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഈ അറിയിപ്പ് പിന്നീട് മീഡിയാ ഓഫീസ് നീക്കം ചെയ്തിരുന്നു. ഇതിന്റെ കാരണങ്ങൾ വ്യക്തമല്ല. മുസഫയിലെ ബ്ലോക്ക് 26-ലായിരിക്കും രണ്ടാം ഘട്ട പരിശോധനകൾ എന്നാണ് ഈ ട്വീറ്റിലൂടെ അറിയിച്ചിരുന്നത്.