കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്കുള്ള പിഴ തുകകളെ സംബന്ധിച്ച വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്ത് വിട്ടു. മെയ് 21, വ്യാഴാഴ്ച്ച നടന്ന COVID-19 അവലോകന പത്രസമ്മേളനത്തിലാണ് ഒമാൻ അറ്റോർണി ജനറൽ നസ്ർ അൽ സവായ് ഇത് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളെ അറിയിച്ചത്. സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി റോയൽ ഒമാൻ പൊലീസിന് പരിശോധനകൾ ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒമാനിലെ COVID-19 നിയമലംഘനങ്ങൾക്കുള്ള പിഴതുകകൾ:
- രോഗലക്ഷണങ്ങൾ ഉള്ളവർ COVID-19 ടെസ്റ്റിംഗ് നിരസിച്ചാൽ – 200 ഒമാനി റിയാൽ പിഴ.
- പൊതു ഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കാത്തവർക്ക് – 20 ഒമാനി റിയാൽ.
- ക്വാറന്റീൻ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്ക് – 200 റിയാൽ.
- ഈദ് ചടങ്ങുകൾ, വിവാഹം, മരണാന്തര ചടങ്ങുകൾ മുതലായ ഒത്ത്‌ചേരലുകൾക്ക് – 1500 റിയാൽ, കൂടാതെ പങ്കെടുത്ത ഓരോ വ്യക്തിക്കും 100 റിയാൽ പിഴ.
- നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് അടച്ച് പൂട്ടാൻ നിർദ്ദേശം നൽകിയ വാണിജ്യ സ്ഥാപനങ്ങൾ വീണ്ടും തുറന്നാൽ – 3000 ഒമാനി റിയാൽ.
- രോഗബാധ സ്ഥിരീകരിച്ചവർക്ക്, നിരീക്ഷണത്തിനായി അണിയേണ്ട COVID-19 ട്രാക്കിങ് ബ്രേസ്‌ലെറ് ധരിക്കാതിരിക്കുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്താൽ – 300 റിയാൽ.
ഒരേ കുടുംബത്തിൽപ്പെട്ടവരല്ലാതെ അഞ്ചോ അതിൽ കൂടുതൽ പേരോ ഒത്തുകൂടുന്ന എല്ലാ ചടങ്ങുകളും നിയമ ലംഘനമായി കണക്കാക്കും. ഇത്തരത്തിൽ നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവരെ പൊലീസിന് നേരിട്ട് പിഴ ചുമത്തുകയോ, കൂടുതൽ നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിനോ ഉള്ള അധികാരം ഉണ്ടായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.