ജൈവവൈവിധ്യ സംരക്ഷണം, ജൈവവൈവിധ്യ പഠനം എന്നിങ്ങനെ പല സന്ദർഭങ്ങളിലും നാം ജൈവവൈവിധ്യം എന്ന പദത്തെ കുറിച്ച് കേട്ടിരിക്കുന്നു. എന്നാൽ എന്താണ് ജൈവവൈവിധ്യം? ഒരു നിശ്ചിത ആവാസ വ്യവസ്ഥയിൽ എത്രവിധം ജീവ രൂപങ്ങൾ കാണപ്പെടുന്നു എന്നതിനെയാണ് ‘ജൈവവൈവിധ്യം’ അഥവാ ‘Bio Diversity’ എന്ന് പറയപ്പെടുന്നത്. പലപ്പോഴും മനുഷ്യനും, മൃഗങ്ങളെയും മാത്രം നാം ജീവനുള്ളവയായി കരുതുന്നു; എന്നാൽ പ്രകൃതിയിൽ ജീവനുള്ളതും, ജീവൻ നിലനിർത്താൻ സഹായിക്കുന്ന എല്ലാ ഘടകങ്ങളെയും ഒന്നിച്ചു ചേർത്ത് വിളിക്കാവുന്ന ഒരു പദമാണ് ജൈവവൈവിധ്യം.
ഒരു പ്രദേശത്ത് കൂടുതൽ ജൈവവൈവിധ്യമുണ്ടെങ്കിൽ അവിടെയുള്ള ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യകരമായി കാണുന്നു. ഭൂമിയിൽ ഉത്തര ദക്ഷിണ ധൃവപ്രദേശത്തേക്കാൾ സമശീതോഷ്ണ മേഖലയിലാണ് ജൈവവൈവിധ്യം അതിന്റെ സമൃദ്ധിയിൽ കാണപ്പെടുന്നത്. യന്ത്രവൽക്കരണവും, വ്യവസായവൽക്കരണവും ലോകത്തെ പാരിസ്ഥിതികമാറ്റത്തിനും തന്മൂലം ജീവജാലങ്ങളുടെ വംശനാശത്തിനും, ജൈവവൈവിധ്യ ശോഷണത്തിനും കാരണമായി മാറിയിരിക്കുന്നത്, നാം ജീവിത നിലവാര അഭിവൃദ്ധി എന്ന കാരണം പറഞ്ഞു മനപ്പൂർവ്വം കണ്ടില്ലെന്നു നടിക്കുന്നു. ഈ COVID-19 കാലത്ത് ലോകത്താകമാനം മനുഷ്യർ അവരവരുടെ സുരക്ഷയ്ക്കായി വീടുകളിൽ അഭയം തേടിയപ്പോൾ പ്രകൃതിയിൽ വരുന്ന നല്ല മാറ്റങ്ങൾക്ക് മനുഷ്യൻ സാക്ഷികളായി; കൂട്ടത്തിൽ ആവാസവ്യവസ്ഥയിൽ ഏറ്റവും സ്വാർത്ഥനും അപകടകാരിയും നമ്മൾ തന്നെ എന്നും തിരിച്ചറിയുന്നു.
ജനിതക ജൈവവൈവിധ്യം, ജീവജാതി വൈവിധ്യം, ആവാസവ്യവസ്ഥാ വൈവിധ്യം എന്നിങ്ങനെ ജൈവവൈവിധ്യത്തെ മൂന്നായി തരാം തിരിച്ചിരിക്കുന്നു. പഠനങ്ങൾ തെളിയിക്കുന്നത് ലോകത്ത് 34000 തരം സസ്യങ്ങളും, 5200 തരം ജന്തുജാലങ്ങളും ഇന്ന് വംശനാശ ഭീഷണി നേരിടുന്നു എന്നാണ്. പക്ഷികളുടെ വൈവിധ്യം എട്ടിൽ ഒന്നായി കുറഞ്ഞിരിക്കുന്നു എന്നും ജൈവവൈവിധ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. മനുഷ്യന്റെ അതിരു കടന്ന ഇടപെടലുകൾ ഇത്തരം ബയോ ഡൈവേഴ്സിറ്റി ശോഷണത്തിന് ആക്കം കൂട്ടുന്നു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ കഴിഞ്ഞ ദിവസം, അതായത് മെയ് 22-നാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായി ആചരിച്ചത്. 1992-ൽ ആരംഭിച്ച കൺവെന്ഷൻ ഓഫ് ബയോളോജിക്കൽ ഡൈവേഴ്സിറ്റി ഈ വർഷത്തെ ആശയമായി മുന്നോട്ട് വയ്ക്കുന്നത് “our solutions are in nature” എന്നതാണ്. പ്രകൃതിയിലേക്ക് സസൂക്ഷ്മം മനുഷ്യൻ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ ആശയം പങ്കുവയ്ക്കുന്നത്.
പ്രകൃതിയെക്കുറിച്ചും പ്രകൃതിവിഭവങ്ങളെക്കുറിച്ചും നമ്മുടെ വരുംതലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടത് അനിവാര്യമാണ്. ഇത്തരം ദിനങ്ങളുടെ പ്രാധാന്യവും, ആശയങ്ങളിലെ അർത്ഥവും മുതിർന്നവർ കുട്ടികളിലേക്ക് പകർന്നു കൊടുക്കണം; അതിന് ആദ്യം നല്ല മാറ്റങ്ങൾ നമ്മൾ ഓരോരുത്തരിലും ഉണ്ടാവേണ്ടത് നിർബന്ധമാണ്.
Photo: J-S Romeo (Unsplash)