വേനലവധിയ്ക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ മണ്ണിൽ മഴപെയ്തുണ്ടാകുന്ന ആ മണം ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു അനുഭവമാണ്. എന്നാൽ കഴിഞ്ഞ രണ്ടുവർഷത്തെ നമ്മുടെ അനുഭവം വെച്ച് നാം ഈ മഴക്കാലത്തെ തെല്ലൊന്നു ഭീതിയോടെയാണ് നോക്കിക്കാണുന്നത്. മാറി വരുന്ന കാലാവസ്ഥയ്ക്കനുസൃതമായി നമ്മുടെ ജീവിത രീതികളെക്കൂടി മാറ്റേണ്ട ചുറ്റുപാടിലാണ് നാം ഇന്ന്.
ലോകമെമ്പാടും മരണത്തിന്റെ കണക്കുകൾ പറഞ്ഞു തിമിർത്തു പെയ്യുന്ന COVID മഹാമാരിയോട് ചേർന്നാണ് ഇത്തവണ മഴക്കാലത്തെ നാം കാത്തിരിക്കുന്നത്. ഈ സന്ദർഭത്തെ ഭീതിയോടെയല്ല, മറിച്ച് ജാഗ്രതയോടെ വേണം നമ്മൾ അഭിമുഖീകരിക്കാൻ. അതിർത്തികൾ തുറന്നു സ്വന്തം നാട്ടിലെത്തുന്ന പലരും റൂം ക്വാറന്റൈൻ സംവിധാനത്തെ അവഗണിക്കുന്നതിന്റെ ഫലമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗവ്യാപനം കൂടുവാനുള്ള കാരണമായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ജീവിത വെല്ലുവിളികളെ സധൈര്യം നേരിടുക എന്നതിന്, കരുതലിന്റെ കവചത്തിന് വീഴ്ചവരുത്തുക എന്ന് അർഥം കാണരുത്. ലാഘവത്തോടെയല്ല പകരം അതീവ ശ്രദ്ധയോടെ വേണം നാം ഈ മഴക്കാലത്തേയും, മഴക്കാല സാംക്രമിക രോഗങ്ങളെയും നേരിടാൻ.
ഇക്കഴിഞ്ഞ പ്രളയ സമയത്ത് കണ്ടവും,കായലും, തോടും, തൊടിയും നിറഞ്ഞൊഴുകി പ്രകൃതി നമുക്ക് മുന്നിൽ ശക്തി കാണിച്ചതാണ്; കണ്ണിമ വെട്ടും നേരം കൊണ്ട് ഉരുൾപൊട്ടി മലയിടിഞ്ഞു വരുന്നതും നമ്മൾ നിസ്സഹായരായി കണ്ടു നിന്നു. എന്നാൽ ഇതിൽ നിന്നൊന്നും വേണ്ട രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാൻ ലോക ബുദ്ധിമാന്മാർ എന്ന് സ്വയം ഉത്‌ഘോഷിക്കുന്ന നമുക്ക് കഴിയുന്നില്ല എന്നത് ഖേദകരം. അശാസ്ത്രീയമായ ക്വാറി ലേലങ്ങളും, മണ്ണെടുപ്പും, പാറപൊട്ടിക്കലും, മരം മുറിക്കലും തുടർന്ന് കൊണ്ടിരിക്കുന്ന നമുക്ക്, വിപത്തിനെ കുറിച്ച് നല്ല അവബോധം ഉണ്ടായിട്ടും കണ്ണടച്ചിരുട്ടാക്കുന്നു; അപകടം സംഭവിച്ചതിനു ശേഷം പരസ്പ്പരം ചളിവാരിയെറിയുന്നു. ഈ സ്ഥിതിയ്ക്ക് കാതലായ മാറ്റം വരുത്തിയാലേ നമുക്ക് നിലനിൽക്കാനാകൂ, എന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കണം. ഇപ്പോഴും ചൂഷകർ നൽകുന്ന പ്രകൃതിയെ വിറ്റുതുലച്ചതിൽ നിന്നുള്ള ഏതാനം വെള്ളിക്കാശിനു വേണ്ടി കക്ഷിരാഷ്ട്രീയത്തിന്റെയും, മതത്തിന്റെയും മുഖാവരണമണിഞ്ഞ്, കൂട്ടത്തിൽ നിന്ന് ഇത്തരം പ്രവർത്തനങ്ങൾക്ക് കുടപിടിക്കുന്നവരെ ഓരോ വാർഡ് തലത്തിലും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ള ചങ്കൂറ്റം സമൂഹത്തിനുണ്ടാകണം. പിറക്കാനിരിക്കുന്ന അനേകം തലമുറകളുടെ സ്വത്താണ് ഈ ഭൂമി എന്നും, അവയുടെ കാവൽക്കാർ മാത്രമാണ് നമ്മൾ എന്നും എല്ലാം ഓർക്കണം എന്ന പഴകി തേഞ്ഞ വരികൾ കൊണ്ടൊന്നും പ്രയോജനമില്ലെന്നറിയാം; ഒരുകാര്യം ഓർത്താൽ നന്ന്, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവർത്തി അനന്തമായി ചെയ്യാവുന്നതോ, ആസ്വദിക്കാവുന്നതോ ആയ ഒരു തൊഴിൽ അല്ല.
വരാനിരിക്കുന്ന മഴക്കാലത്ത് ഓരോ കുടുംബങ്ങളും അവരവരുടെ സുരക്ഷ ഉറപ്പാക്കും വിധത്തിൽ ജാഗ്രതാ നിർദ്ദേശങ്ങളും, സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ടെന്നു ഓർമ്മിപ്പിക്കട്ടെ. റേഷൻകാർഡ്, പ്രമാണ പത്രങ്ങൾ, ബാങ്ക് രേഖകൾ, തിരിച്ചറിയൽ കാർഡും മറ്റ് അനുബന്ധ രേഖകളും മുതലായവയെല്ലാം സുരക്ഷിതമായി കൈകാര്യം ചെയ്യാവുന്ന വിധം ഈ അടിയന്തിര ഘട്ടങ്ങളിൽ കരുതേണ്ടത് നിർബന്ധമാണ്. വിരുന്നു വിളിക്കാതെ നമ്മുടെ ജീവിതത്തിലേയ്ക്ക് കയറിവന്ന COVID-19 എന്ന പ്രതിസന്ധിയോടൊപ്പമാണ് ഈ വരാനിരിക്കുന്ന മഴക്കാലവും, ജാഗ്രത കുറഞ്ഞുപോയാൽ നഷ്ടങ്ങൾ കൂടുകയേയുള്ളു എന്ന് നാം ഓർക്കണം.
Photo: Sourabh Yadav (Pixabay)