മുസഫയിൽ നടപ്പിലാക്കിവരുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും ഒമ്പതാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു. ജൂൺ 13 രാത്രിയാണ് DOH ഇത് സംബന്ധിച്ച അറിയിപ്പുകൾ നൽകിയത്.
മുസഫയിലെ ബ്ലോക്ക് 33, 35, 36 എന്നീ മൂന്ന് ബ്ലോക്കുകളിലാണ് ഈ ഘട്ടത്തിൽ കൊറോണ വൈറസ് പരിശോധനകളും, ശുചീകരണ പ്രക്രിയകളും പ്രഖ്യാപിച്ചിട്ടുള്ളത്. COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി DOH-ഉം മറ്റ് അനുബന്ധ വകുപ്പുകളും സംയുക്തമായാണ് ഈ പരിശോധനകൾ നടപ്പിലാക്കുന്നത്.
മെയ് 9 മുതൽ ആരംഭിച്ച ഈ പരിശോധനകളുടെ ആദ്യ ഘട്ടത്തിൽ മുസഫയിലെ 3, 5, 6, 23 എന്നീ ബ്ലോക്കുകളിലും, രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് 10, ബ്ലോക്ക് 13 എന്നിവിടങ്ങളിലും, മൂന്നാം ഘട്ടത്തിൽ ബ്ലോക്ക് 16, 20 എന്നിവിടങ്ങളിലും, നാലാം ഘട്ടത്തിൽ ബ്ലോക്ക് 11-ലും, അഞ്ചാം ഘട്ടത്തിൽ 12, 15, 25 എന്നീ ബ്ലോക്കുകളിലും, ആറാം ഘട്ടത്തിൽ ബ്ലോക്ക് 37-ലും, ഏഴാം ഘട്ടത്തിൽ ബ്ലോക്ക് 42, 43 എന്നീ ബ്ലോക്കുകളിലും, എട്ടാം ഘട്ടത്തിൽ ബ്ലോക്ക് 17-ലും തൊഴിലാളികളുടെ ഇടയിൽ കൊറോണ വൈറസ് പരിശോധനകൾ നടത്തിയിരുന്നു.
അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന ബ്ലോക്കുകളിലേക്ക് പ്രവേശിക്കുന്നതിനു ചില നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾ തടസപ്പെടില്ല. വിസ ചട്ട ലംഘനങ്ങൾ ഉള്ളവർക്കും ഈ ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാമെന്നും, ഇവർക്കെതിരെ യാതൊരു തരത്തിലുള്ള നിയമ നടപടികളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണ വൈറസ് പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും വിജയത്തിനായി, കാമ്പയിൻ അഡ്‌മിനിസ്ട്രേറ്റർമാർ നൽകുന്ന ഓരോ നിർദ്ദേശങ്ങളും പാലിക്കാനും, പൂർണ്ണമായി സഹകരിക്കാനും ബ്ലോക്ക് 33, 35, 36 എന്നീ മേഖലകളിലെ നിവാസികളോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.