യു എ ഇയിൽ ജൂൺ 15, തിങ്കളാഴ്ച്ച മുതൽ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും മദ്ധ്യാഹ്ന ഇടവേള നിർബന്ധമാക്കി കൊണ്ട് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) ഉത്തരവിറക്കി. ഈ തീരുമാന പ്രകാരം, ഉച്ചയ്ക്ക് 12.30 മുതൽ 3.00 മണി വരെ ഇത്തരം ഇടങ്ങളിൽ തൊഴിലെടുപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്. ജൂൺ 15 മുതൽ സെപ്തംബർ 15 വരെ മൂന്ന് മാസത്തേക്കാണ് മദ്ധ്യാഹ്ന ഇടവേള നിർബന്ധമാക്കിയിട്ടുള്ളത്.
വർഷം തോറും വേനൽ കടക്കുന്നതോടെ MoHRE ഏർപ്പെടുത്തുന്ന ഈ തീരുമാനം അനുസരിച്ച്, ഉച്ചയ്ക്ക് 12.30 മുതൽ 3.00 മണി വരെ സൂര്യതപം ഏൽക്കാനിടയുള്ള ഇടങ്ങളിൽ, തൊഴിലാളികൾക്കായി തൊഴിലുടമകൾ തണലിൽ വിശ്രമിക്കുന്നത്തിനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന കാലയളവിൽ രാവിലെയും, ഉച്ചയ്ക്ക് ശേഷവും ഉള്ള ആകെ ജോലി സമയം എട്ടു മണിക്കൂർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ, എട്ടു മണിക്കൂറിലധികം പ്രവർത്തനങ്ങളിൽ ഏർപെടേണ്ടിവരുന്ന തൊഴിലാളികളുടെ അധികസമയം പ്രതിഫലത്തോട് കൂടിയതായി കണക്കാക്കേണ്ടതാണെന്ന് യു എ ഇ ഫെഡറൽ നിയമങ്ങൾ പറയുന്നു.
പെട്രോളിയം പൈപ്പുകളുടെ അറ്റകുറ്റപണികൾ, ജലവിതരണത്തിലെ അറ്റകുറ്റപണികൾ മുതലായ മാറ്റിവെക്കാനാകാത്ത അടിയന്തിര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക് ഈ തീരുമാനത്തിൽ ഇളവ് നൽകിയിട്ടുണ്ട്. തൊഴിലാളികൾക്ക് ആവശ്യമായ കുടിവെള്ളം, പ്രഥമ ശുശ്രൂഷാ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിനും, കൊറോണാ വൈറസ് വ്യാപനം തടയുന്നതിനുള്ള നിർദ്ദേശങ്ങൾ ഉറപ്പാക്കാനും സ്ഥാപനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക്, തൊഴിലാളികളുടെ എണ്ണം കണക്കാക്കി 5000 ദിർഹം വീതം (പരമാവധി 50000 ദിർഹം) പിഴ ചുമത്തുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. വീഴ്ചകളുടെ ഗൗരവത്തിനനുസരിച്ച് കൂടുതൽ നിയമ നടപടികളും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കൈകൊള്ളുന്നതാണ്.
മദ്ധ്യാഹ്ന ഇടവേള സമയങ്ങളിലുള്ള വീഴ്ചകൾ, പൊതു സമൂഹത്തിനു 24 മണിക്കൂറും പ്രവർത്തിക്കുന്ന 80060 എന്ന ടോൾ ഫ്രീ നമ്പറിൽ അധികൃതരുമായി പങ്കുവെക്കാവുന്നതാണ്. ഇത്തരം പരാതികളിൽ ഉടൻ തന്നെ പരിശോധനകൾ നടപ്പിലാക്കി, ആവശ്യമായ നടപടികൾ കൈക്കൊളുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.