മുസഫയിലെ COVID-19 പരിശോധനകൾ പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്

GCC News

മുസഫയിൽ കഴിഞ്ഞ 6 ആഴ്ച്ചകളിലായി നടപ്പിലാക്കിക്കൊണ്ടിരുന്ന സൗജന്യ COVID-19 പരിശോധനകളും, അണുനശീകരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂൺ 23-നു രാത്രി അറിയിച്ചു. മേഖലയിലെ നിവാസികളുടെ ഇടയിൽ കൊറോണ വൈറസ് വ്യാപനം പൂർണ്ണമായും തടയുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായകമായതായി DOH വ്യക്തമാക്കി.

COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി, DOH-ഉം മറ്റ് അനുബന്ധ വകുപ്പുകളും സംയുക്തമായി നടപ്പിലാക്കിയിരുന്ന ഈ പരിശോധനകൾ മെയ് 9 മുതലാണ് ആരംഭിച്ചത്. ഘട്ടം ഘട്ടമായി നടപ്പിലാക്കിയ ഈ പ്രവർത്തനങ്ങളുടെ ഭാഗമായി മുസഫയിലെ ഓരോ മേഖലകളിലെയും നിവാസികളുടെ ഇടയിൽ കൊറോണ വൈറസ് പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഏതാണ്ട് 570,000 നിവാസികൾക്ക് COVID-19 സ്‌ക്രീനിങ്ങ് നടത്തിയതായി DOH അറിയിച്ചു. മുസഫ മേഖലയിലെ ഏതാണ്ട് 2730 കെട്ടിടങ്ങളാണ് ഈ പ്രവർത്തനങ്ങളുടെ ഭാഗമായി അണുവിമുക്തമാക്കിയത്.

ഇത് കൂടാതെ ഈ മേഖലയിലെ നിവാസികളുടെ ഇടയിൽ കൊറോണ വൈറസ് ബോധവത്കരണത്തിനായി വിവിധ ഭാഷകളിലുള്ള പരിശീലന ക്‌ളാസുകളും DOH നൽകുകയുണ്ടായി. ഏതാണ്ട് 750,000 മാസ്‌കുകളും, 10 ലക്ഷം ഭക്ഷണപ്പൊതികളും ഈ പരിശോധനകളുടെ ഭാഗമായി മേഖലയിൽ വിതരണം ചെയ്തതായും അധികൃതർ അറിയിച്ചു. മുസഫയിലെ എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും സൗജന്യ ആരോഗ്യ പരിശോധനകളും മറ്റും എത്തിയെന്ന് ഉറപ്പാക്കാൻ കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി.