കൊറോണ വൈറസ് സാഹചര്യത്തിൽ, പരിമിതമായ അളവിൽ തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ട് ഹജ്ജ് നടത്തുന്നതിനുള്ള സൗദി തീരുമാനത്തെ ലോകാരോഗ്യ സംഘടന (WHO) സ്വാഗതം ചെയ്തു. ആഭ്യന്തര തീർത്ഥാടകരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് ഈ വർഷത്തെ ഹജ്ജ് കർമ്മം നടത്തുമെന്ന് നേരത്തെ സൗദിയിലെ ഹജ്ജ്, ഉംറ വകുപ്പ് അറിയിച്ചിരുന്നു.
10000-ത്തിൽ താഴെ ആഭ്യന്തര തീര്ഥാടകരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം എന്നും, കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായുള്ള കർശനമായ ആരോഗ്യ സുരക്ഷാ നടപടികൾക്കനുസൃതമായിട്ടായിരിക്കും തീർത്ഥാടനം അനുവദിക്കുക എന്നും സൗദി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഈ തീരുമാനത്തെയാണ് WHO സ്വാഗതം ചെയ്തത്.
“രാജ്യങ്ങൾ തങ്ങളുടെ സമൂഹത്തിലും, വാണിജ്യ മേഖലകളിലും ഇളവുകൾ അനുവദിക്കുന്ന അവസരത്തിൽ, ജനങ്ങൾ ഒത്ത് ചേരുന്ന ചടങ്ങുകൾ എങ്ങിനെ സുക്ഷിതമായി അനുവദിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത് വളരെ പ്രധാനമാണ്. ലോകത്തെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ഹജ്ജ് തീർത്ഥാടനം പോലുള്ള ഒരു ചടങ്ങിന്റെ കാര്യത്തിൽ ഇത് വളരെ വാസ്തവവുമാണ്.”, WHO ഡയറക്ടർ ഡോ. ടെഡ്രോസ് അധനോം ഗബ്രിയായ്സസ് (Tedros Adhanom Ghebreyesus) അഭിപ്രായപ്പെട്ടു. ആരോഗ്യ സുരക്ഷയെക്കുറിച്ചും, അപകടസാധ്യതകളെക്കുറിച്ചും, വ്യക്തമായ വിശകലനങ്ങൾക്കും, പഠനങ്ങൾക്കും ശേഷം നടപ്പിലാക്കിയിട്ടുള്ള ഈ തീരുമാനം, ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്ന സംരക്ഷണത്തിന്റെയും, രോഗവ്യാപനം തടയുന്നതിന്റെയും മാനദണ്ഡങ്ങൾ വ്യക്തമായും പാലിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനീവയിൽ നടക്കുന്ന പ്രത്യേക ദൈനംദിന കൊറോണാ വൈറസ് പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച WHO നിലപാടുകൾ വ്യക്തമാക്കിയത്.