പത്ത് പേരടങ്ങിയ അന്താരാഷ്ട്ര സൈബർകുറ്റവാളികളുടെ സംഘം ദുബായ് പോലീസിന്റ പ്രത്യേക അന്വേഷണത്തിനൊടുവിൽ പിടിയിലായി. ‘ഹഷ് പപ്പി’ എന്ന വിളിപ്പേരുള്ള റെയ്മണ്ട് ഇഗ്ബലോടെ അബ്ബാസ്, ‘വുഡ്ബെറി’ എന്ന വിളിപ്പേരുള്ള ഓർലാലേകോൺ ജേക്കബ് പൊണൽ തുടങ്ങിയ ആഫ്രിക്കൻ വംശജരായ കുറ്റവാളികളാണ് ‘ഫോക്സ് ഹണ്ട് 2’ എന്ന് പേരിട്ട പോലീസ് നീക്കത്തിനൊടുവിൽ പിടിയിലായത്.
കള്ളപ്പണം വെളുപ്പിക്കൽ, സൈബർ തട്ടിപ്പ്, ഹാക്കിങ്ങ്, കുറ്റകരമായ ആള്മാറാട്ടം, ബാങ്ക് തട്ടിപ്പുകൾ, വ്യക്തിവിവര മോഷണം മുതലായ നിരവധി കേസുകളിൽ യു എ ഇയ്ക്ക് പുറത്ത് കുറ്റക്കാരാണെന്ന് സംശയിക്കപ്പെടുന്ന ഈ സംഘത്തെ ഒരേ സമയം വിവിധ ഇടങ്ങളിലായി നടത്തിയ പോലീസ് ഓപ്പറേഷനിലാണ് കീഴടക്കിയത്. ദുബായ് പോലീസിന്റെ 6 സ്വാറ്റ് വിഭാഗങ്ങളാണ് ഈ റെയ്ഡ് നടപടികളിൽ പങ്കെടുത്തത്.
ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ട്, സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ ദുബായ് പോലീസ് പുലർത്തുന്ന പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതാണ് ഈ ഓപ്പറേഷൻ എന്ന് ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ലാഹ് ഖലീഫ അൽ മാരി വ്യക്തമാക്കി. സൈബർ കുറ്റവാളികൾ തട്ടിപ്പുകൾക്ക് പുതിയ മാർഗങ്ങൾ കണ്ടെത്തുമ്പോൾ, അവ തടയുന്നതിനായി നിരന്തരം നൂതന സാങ്കേതിവിദ്യകളിലെ നിപുണത ഉറപ്പാക്കുകയാണ് ദുബായ് പോലീസ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചും, സ്ഥാപനങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തും, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ മോഷ്ടിച്ചും ഈ സംഘം ആഗോളതലത്തിൽ ദശലക്ഷക്കണക്കിനു ഡോളറിന്റെ വിവിധ തരത്തിലുള്ള തട്ടിപ്പുകളാണ് നടത്തിയത്.
റെയ്ഡിൽ, ഈ സംഘത്തിൽ നിന്ന് 150 മില്യൺ ദിർഹത്തിൽ ($40.9 മില്യൺ) പരം കറൻസിയായി പിടികൂടിയതായി ദുബായ് സി.ഐ.ഡി ഡയറക്ടർ വ്യക്തമാക്കി. ആഗോളതലത്തിൽ ഇവർ നിലവിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ഏതാണ്ട് 1.6 ബില്യൺ ദിർഹത്തിന്റെ വലിയ തട്ടിപ്പിനെക്കുറിച്ചുള്ള രേഖകളും പിടിച്ചെടുത്തതായി അദ്ദേഹം അറിയിച്ചു. ഇവ കൂടാതെ സംഘത്തിൽ നിന്ന് ഏതാണ്ട് 25 മില്യൺ ദിർഹം വിലവരുന്ന 13 ആഡംബര കാറുകളും, 21 കംപ്യൂട്ടറുകളും, 47 സ്മാർട്ട്ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പിനിരയായ 1,926,400-ത്തോളം വ്യക്തികളുടെ വിലാസങ്ങളും ഇവരിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.