കൊറോണാ വൈറസ് വ്യാപനം മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന വാണിജ്യ മേഖലയ്ക്ക് ആശ്വാസമേകുന്നതിനുള്ള നടപടികളുമായി ഒമാൻ ടാക്സ് അതോറിറ്റി. വാണിജ്യ പ്രവർത്തനങ്ങളിലെ നിയന്ത്രണങ്ങൾ മൂലം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങൾക്ക് സഹായകമാകുന്നതാണ് ഈ തീരുമാനങ്ങൾ. നികുതി പരിധിയിൽ വരുന്ന വ്യാപാരങ്ങൾക്കും, സ്ഥാപനങ്ങൾക്കും അനുഭവപ്പെടുന്ന സാമ്പത്തിക ആഘാതം മറികടക്കാൻ അവസരങ്ങൾ ഒരുക്കുന്നതിനായുള്ള സുപ്രീം കമ്മിറ്റി നിർദ്ദേശത്തെ തുടർന്നാണ് ഒമാൻ ടാക്സ് അതോറിറ്റി ഈ തീരുമാനം എടുത്തിട്ടുള്ളത്.
ഇതിന്റെ ഭാഗമായി ഏതാനം നികുതികൾ സെപ്റ്റംബർ അവസാനം വരെ താത്കാലികമായി നിർത്തലാക്കാൻ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടാതെ, സ്ഥാപനങ്ങൾക്ക് തവണ വ്യവസ്ഥകളിലൂടെ നികുതി തുകകൾ അടയ്ക്കുന്നതിനും അതോറിറ്റി അനുവാദം നൽകിയിട്ടുണ്ട്.
2019-ലെ നികുതി അടച്ചുതീർക്കുന്നതിലെ വീഴ്ചകൾ മൂലം, സ്ഥാപങ്ങളുടെ മേൽ ചുമത്തിയിരുന്ന അധിക നികുതിഭാരം താത്കാലികമായി നിർത്തലാക്കാനും അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾക്ക് 2019-ലെ നികുതി തവണകളായി അടയ്ക്കുന്നതിനു സൗകര്യമൊരുക്കുമെന്നും, അതോറിറ്റി അറിയിച്ചു. 2019-ലെ നികുതി സത്യവാങ്മൂലം നൽകുന്നതിലെയും, കണക്കുവിവരങ്ങൾ അറിയിക്കുന്നതിലെയും കാലതാമസങ്ങൾക്ക് ചുമത്തിയിരുന്ന പിഴതുകകൾ സെപ്റ്റംബർ വരെ താത്കാലികമായി നിർത്തലാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.