ബഹ്‌റൈൻ : അനധികൃത വഴിയോര കച്ചവടം നടത്തുന്ന വിദേശികൾക്കെതിരെ നിയമം ശക്തമാക്കുന്നു

Bahrain

നിയമം ലംഘിച്ച് കൊണ്ട്, വഴിയോര കച്ചവടങ്ങൾ നടത്തുന്ന വിദേശികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച പ്രമേയത്തിന് ബഹ്‌റൈൻ ക്യാബിനറ്റ് അംഗീകാരം നൽകി. പൊതുഇടങ്ങൾ, ചന്തകൾ, റോഡരികുകൾ, ആരാധനാലയങ്ങളുടെ പരിസരങ്ങൾ മുതലായ ഇടങ്ങളിൽ നടക്കുന്ന ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനായുള്ള നിർദ്ദേശങ്ങൾ പ്രതിനിധി അംഗങ്ങൾ ക്യാബിനറ്റിൽ സമർപ്പിച്ചിരുന്നു.

പൊതുഇടങ്ങളിൽ നടക്കുന്ന എല്ലാ അനധികൃത വഴിയോര കച്ചവടങ്ങൾ തടയുന്നതിനും, ഇത്തരം പ്രവർത്തങ്ങളിൽ ഏർപ്പെടുന്ന വിദേശികൾക്കെതിരെ നിയമനടപടികൾ എടുക്കുന്നതിനും, നഗരവികസന മന്ത്രാലയത്തിന് ക്യാബിനറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം അനധികൃത കച്ചവടങ്ങൾ തടഞ്ഞ സുരക്ഷാ ജീവനക്കാരെ വഴിയോര കച്ചവടക്കാർ ആക്രമിച്ച ഏതാനം സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നിയമനടപടികൾ കർശനമാക്കിയിട്ടുള്ളത്.