എയർ അറേബ്യ അബുദാബി പ്രവർത്തനമാരംഭിച്ചു; ഉദ്ഘാടന പറക്കൽ ഈജിപ്തിലേക്ക്

UAE

ഇന്നലെ (ജൂലൈ 14) നടന്ന, ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്കുള്ള ഉദ്ഘാടന സർവീസോടെ എയർ അറേബ്യ അബുദാബി തങ്ങളുടെ പ്രവർത്തനം ആരംഭിച്ചു. രണ്ടാമത്തെ എയർ അറേബ്യ അബുദാബി വിമാനം ജൂലൈ 15-ന് യുഎഇ തലസ്ഥാനത്ത് നിന്ന് നൈൽ നഗരമായ സോഹാഗിലേക്ക് സർവീസ് നടത്തും.

ജൂലൈ 14-ലെ ഉദ്ഘാടന ചടങ്ങിൽ ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ്, അബുദാബി എയർപോർട്ട്സ് കമ്പനി, എയർ അറേബ്യ, അബുദാബിയിലെ ഗതാഗത വകുപ്പ് എന്നിവയിലെ ഉയർന്ന ഉദ്യോഗസ്ഥരും, മറ്റ് അതിഥികളും പങ്കെടുത്തു.

“അലക്‌സാണ്ട്രിയയിലേക്കുള്ള ആദ്യ വിമാനത്തോടെ എയർ അറേബ്യ അബുദാബി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. രാജ്യത്തെ പൗരന്മാർക്കും നിവാസികൾക്കും, യുഎഇയുടെ തലസ്ഥാന നഗരത്തിൽ നിന്ന് വ്യോമമാർഗം യാത്രചെയ്യുന്നതിനു, ഇത്തിഹാദും, എയർ അറേബ്യയും സംയുക്തമായി ആരംഭിച്ചിട്ടുള്ള ഈ സംരംഭം സഹായകമാകും.”, ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് സി ഇ ഒ ടോണി ഡഗ്ലസ് അഭിപ്രായപ്പെട്ടു.

“എയർ അറേബ്യ അബുദാബിയുടെ ആദ്യ വിമാനം ആരംഭിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ നാഴികക്കല്ല് കൈവരിക്കാൻ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നു. കൂടുതൽ മേഖലകളിലേക്ക് എയർ അറേബ്യ അബുദാബി തങ്ങളുടെ യാത്രാ ശൃംഖല വ്യാപിപ്പിക്കുന്നതാണ്. യാത്രികർക്ക് അബുദാബിയിൽ നിന്ന്, ചെലവ് കുറഞ്ഞ യാത്രാ സംവിധാനങ്ങൾ നല്കുന്നതിനായാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.”, ഉദ്‌ഘാടന വേളയിൽ എയർ അറേബ്യ ഗ്രൂപ്പ് സി ഇ ഒ അദെൽ അൽ അലി വ്യക്തമാക്കി.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഈ പുതിയ സംരംഭം, പ്രവർത്തനങ്ങൾ നടത്തുന്നത്. ആദ്യഘട്ടത്തിൽ രണ്ട് എയർബസ് A320 വിമാനങ്ങളാണ് എയർ അറേബ്യ അബുദാബി തങ്ങളുടെ സർവീസുകൾക്കായി ഒരുക്കിയിട്ടുള്ളത്. യാത്രികർക്ക് ചെലവ് കുറഞ്ഞ യാത്രാ സംവിധാനങ്ങൾ നല്കുന്നതിനായി ബജറ്റ് എയർലൈൻ എന്ന രീതിയിലാണ് എയർ അറേബ്യ അബുദാബി പ്രവർത്തിക്കുക.

അബുദാബിയിൽ നിന്ന് ഈജിപ്തിലേക്കുള്ള വിമാനടിക്കറ്റുകൾ യാത്രികർക്ക് എയർ അറേബ്യ വെബ്സൈറ്റ് വഴിയോ, ട്രാവൽ ഏജൻസികൾ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. തുടക്കത്തിൽ അലക്സാൻഡ്രിയയിലേക്ക് ആഴ്ചതോറും 3 സർവീസുകളും, സൊഹാഗിലേക്ക് ആഴ്ചതോറും ഒരു സർവീസുമാണ് ഉണ്ടായിരിക്കുക.