അന്താരാഷ്‌ട്ര കടുവാ ദിനം

Editorial
അന്താരാഷ്‌ട്ര കടുവാ ദിനം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ഇന്ന്, ജൂലൈ 29, അന്താരാഷ്ട്ര കടുവാ ദിനം. ഇവിടെ മനുഷ്യനെക്കുറിച്ചോർക്കാൻ തന്നെ സമയമില്ല, പിന്നെയാണ് കടുവ എന്ന് ചിന്തിക്കാൻ വരട്ടെ. ഈ ഭൂമി നമുക്ക് മാത്രം പാട്ടമെഴുതി തന്ന ഒന്നാണെന്ന് ചിന്തിച്ചാൽ തെറ്റാണ്, ലക്ഷോപലക്ഷം ജീവജാലങ്ങളിൽ ഒന്നുമാത്രമാണ് മനുഷ്യൻ. എന്നാൽ അവൻ ഇന്ന് ഭൂമിയെ തന്റെ അധീനതയിലാക്കി അവനവന്റെ ഇഷ്ടപ്രകാരം വിഭജിച്ചെടുത്തിരിക്കുന്നു.

വീടിനും, കൃഷിയിടങ്ങൾക്കും സ്ഥലപരിമിധികളുണ്ടാകുമ്പോൾ അവൻ മറ്റൊരു ആവാസ്ഥ വ്യവസ്ഥയിലേയ്ക്ക്, ആരുടേയും സമ്മതം പോലും തേടാതെ കടന്നു കയറുന്നു, എന്ന് മാത്രമല്ല പ്രൗഡികാണിക്കലിനായി കടുവാത്തോലുകൊണ്ടുണ്ടാക്കിയ വസ്ത്രങ്ങളും, ബാഗുകളും, ആഭരണങ്ങളും വരെ അവൻ നിർമ്മിക്കുന്നു. കടുവയുടെയും,പുലിയുടെയും പല്ലും നഖവും വരെ, മനുഷ്യൻ അവന്റേതായ ന്യായീകരണങ്ങൾ നടത്തി സമ്മതമില്ലാതെ കാട്ടിൽ കയറി പിഴുതെടുക്കുന്നു; നാലാൾ കൂടുമ്പോൾ കാട്ടിൽ കയറി നടത്തിയ വേട്ടയുടെ വീരസ്യം വിളമ്പുകയും ചെയ്യുന്നു. അങ്ങിനെ ആവാസ വ്യവസ്ഥയുടെ അതിർവരമ്പുകൾ മറികടക്കുന്ന തിരക്കുള്ള മനുഷ്യൻ മനസ്സിലാക്കണം, ഭൂമി അവനു മാത്രം അവകാശപ്പെട്ടതല്ല എന്ന സത്യം; അത് വ്യക്തമാക്കിത്തരുന്നതായിരിക്കും ഇനി പറയാൻ പോകുന്ന കാര്യങ്ങൾ.

എല്ലാ വർഷവും ജൂലൈ 29-നാണ് അന്താരാഷ്ട്ര കടുവാ ദിനം ആയി ആചരിക്കുന്നത്. കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ടുള്ള ഈ ദിനം തുടങ്ങി വച്ചത് 2010-ൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ വച്ച് നടന്ന ടൈഗർ സമ്മിറ്റിൽ എടുത്ത തീരുമാനത്തെ തുടർന്നാണ്. ഇന്ന് കടുവകൾ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിലാണ്. ലോകത്തെ 75% കടുവകൾ നിലനിൽക്കുന്ന ഇന്ത്യയിൽ പോലും കേവലം 2967 കടുവകളാണ് അവശേഷിക്കുന്നത്. വംശനാശഭീഷണി അഭിമുഖീകരിച്ച ബംഗാൾ കടുവകളെ 1972-ൽ ഭാരതത്തിന്റെ ദേശീയമൃഗമായി തിരഞ്ഞെടുത്തു. ഇന്ത്യയിൽ കടുവകളുടെ സംരക്ഷണാർത്ഥം സ്ഥാപിതമായ ആദ്യത്തെ ദേശീയോദ്യാനം 1936-ൽ തുടങ്ങിയ ഹെയിലി നാഷണൽപാർക്ക് ആണ്. പിന്നീട് 1957 മുതൽ ഇത് ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന പേരിൽ അറിയപ്പെട്ട് പോരുന്നു.

കാടുകളിൽ കഴിയേണ്ടുന്ന കടുവകൾ നാട്ടിലിറങ്ങുന്നത് നമ്മൾ മനുഷ്യൻ ചിന്തിക്കുന്നതു പോലെയും പ്രവർത്തിക്കുന്നത് പോലെയും കച്ചവടലാഭം മോഹിച്ചല്ല; മറിച്ച് അതിന്റെ ആവാസവ്യവസ്ഥയ്ക്ക് കോട്ടംവരുത്തുന്ന രീതിയിൽ നാം കാട് കടന്നാക്രമിക്കുമ്പോൾ, വിശപ്പകറ്റാനും,ദാഹം ശമിപ്പിക്കാനുമാണ് അവ ടെറിറ്റോറിയൽ റെസ്‌പെക്ട് അഥവാ അധീനപ്രദേശത്തോടുള്ള ബഹുമാനം മറികടന്ന് അവ നാട്ടിലെത്തേണ്ടി വരുന്നത്. ഈ അവസ്ഥ നമ്മൾ ഉണ്ടാക്കുന്നതാണെന്ന സത്യം സൗകര്യ പൂർവ്വം മൂടിവെച്ച് നാം വന്യജീവികൾ നാടിനെ ആക്രമിച്ചു എന്ന തലക്കെട്ടിന്റെ പിറകിൽ ഒളിച്ചിരിക്കുന്നു.

ഭക്ഷണത്തിന് വേണ്ടിയല്ലാതെ ഒരു മൃഗവും വേട്ടയാടാൻ നാട്ടിൽ ഇറങ്ങാറില്ല, പക്ഷെ സ്വാർത്ഥബുദ്ധികളായ നമ്മളാകട്ടെ, ഹരത്തിനു വേണ്ടിപ്പോലും കാടുകയറി വേട്ട തുടരുന്നു. മഹാമാരിയും, പ്രളയവും, മണ്ണൊലിപ്പും, ഉരുൾപൊട്ടലും എന്തുതന്നെ വന്നാലും പാഠങ്ങൾ പഠിക്കാതെ നാം കയ്യേറ്റം തുടർന്ന് കൊണ്ടേയിരിക്കുന്നു എന്നത് സഹവർത്തിത്വത്തിന് എതിരുനില്ക്കുന്നതുപ്പോലെയാണെന്നു ഓർക്കണം.

Leave a Reply

Your email address will not be published. Required fields are marked *