നിയമവിരുദ്ധമായ ഒത്തുചേരലുകൾക്ക് 10000 ദിർഹം വരെ പിഴ; അബുദാബി പോലീസ് മുന്നറിയിപ്പ്

UAE

പൊതു ഇടങ്ങളിലും, സ്വകാര്യ ഇടങ്ങളിലും സംഘടിപ്പിക്കുന്ന നിയമവിരുദ്ധമായ ഒത്തുചേരലുകൾ, യോഗങ്ങൾ, ആഘോഷങ്ങൾ മുതലായ വീഴ്ചകൾക്ക് 10000 ദിർഹം വരെ പിഴ ലഭിക്കാമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. രാജ്യത്തു നിലനിൽക്കുന്ന COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ മറികടന്നുകൊണ്ടുള്ള ഇത്തരം ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർക്ക് 10000 ദിർഹം വരെ പിഴ ചുമത്താമെന്നും, ഇത്തരം ഒത്തുചേരലുകളിൽ പങ്കെടുക്കുന്ന ഓരോ വ്യക്തികൾക്കെതിരെയും 5000 ദിർഹം വരെ പിഴ ചുമത്താമെന്നും അധികൃതർ വ്യക്തമാക്കി.

വൈറസ് വ്യാപനം തടയുന്നതിനായുള്ള നിർദ്ദേശങ്ങൾ പൊതുജനങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണെന്നും, ഇത്തരം നിർദ്ദേശങ്ങളിലെ വീഴ്ചകൾക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും അബുദാബി പോലീസ് കൂട്ടിച്ചേർത്തു. ഇത്തരം വീഴ്ചകൾക്ക് പിടിക്കപെടുന്നവരെ നിയമനടപടികൾക്കായി, ഫെഡറൽ പ്രോസിക്യൂഷനു കീഴിലുള്ള എമർജൻസി ആൻഡ് ക്രൈസിസ് പ്രോസിക്യൂഷനിലേക്ക് ശുപാർശ ചെയ്യുന്നതാണ്.

ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ സാമൂഹിക ഒത്തുചേരലുകൾ, കുടുംബ സംഗമങ്ങൾ, സന്ദർശനങ്ങൾ എന്നിവ ഒഴിവാക്കാനും സമൂഹ അകലം ഉൾപ്പടെയുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും അബുദാബി പോലീസ് ജനങ്ങളോട് നിർദ്ദേശിച്ചു. നിയമവിരുദ്ധമായ ഒത്തുചേരലുകൾ ഉൾപ്പടെയുള്ള വീഴ്ചകൾ 8002626 എന്ന സൗജന്യ നമ്പറിലൂടെയോ, 2828 എന്ന നമ്പറിൽ സന്ദേശമായോ, aman@adpolice.gov.ae എന്ന ഇമെയിൽ വിലാസത്തിലൂടെയോ അധികൃതരെ അറിയിക്കാവുന്നതാണ്.