രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിരുന്ന ജനങ്ങളിൽ 83.6 ശതമാനം പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏതാണ്ട് 3.2 ദശലക്ഷം പേരാണ് കുവൈറ്റിൽ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കുന്നത്.
ഏതാണ്ട് 3.4 ദശലക്ഷത്തോളം പേർ ഇതുവരെ ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഒരു ദശലക്ഷത്തിലധികം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്തെ 16 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസത്തിന് ശേഷമാണ് കുവൈറ്റിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്. 40 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മുൻകൂർ ബുക്കിംഗ് കൂടാതെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസ് ലഭിക്കുന്നതാണ്.