അബുദാബിയിലെ വിമാനത്താവളങ്ങളിൽ COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തി. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമുള്ള രാജ്യാന്തര വിമാന സർവീസുകൾ പടിപടിയായി പുനരാരംഭിച്ച സാഹചര്യത്തിലാണ് യാത്രികരുടെയും, ജീവനക്കാരുടെയും സംരക്ഷണം മുൻനിർത്തി, വൈറസ് വ്യാപനം തടയുന്നതിനായുള്ള സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയത്.
ഇതിന്റെ ഭാഗമായി, വിമാനത്താവളത്തിലുടനീളം ജീവനക്കാരുടെ ഇടപെടലുകൾ കുറയ്ക്കുന്നതിനായി സാങ്കേതികവിദ്യയുടെയും, നിർമ്മിത ബുദ്ധിയുടെയും സഹായത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ശുചീകരണം, അണുനശീകരണം മുതലായ പ്രവർത്തനങ്ങൾ, ഇത്തരം സാങ്കേതിക വിദ്യകളുടെ സഹായത്താൽ ഇടതടവില്ലാതെ വിമാനത്താവളത്തിൽ നടത്തിവരുന്നുണ്ട്. ഇത് കൂടാതെ എല്ലാ യാത്രികർക്കും, ജീവനക്കാർക്കും മാസ്കുകൾ, കയ്യുറകൾ എന്നിവയുടെ ഉപയോഗം എയർപോർട്ടിലുടനീളം കർശനമാണ്.
മാസ്കുകളും, കയ്യുറകളും യാത്രികർക്ക് നൽകുന്നതിനായുള്ള, സ്വയം പ്രവർത്തിക്കുന്ന സംവിധാനങ്ങളും വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ എല്ലാ മേഖലകളിലും സമൂഹ അകലം ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി അബുദാബി എയർപോർട്ട് അധികൃതർ വ്യക്തമാക്കി.
അബുദാബി വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രികരെയും, കൊറോണാ വൈറസ് ബാധ കണ്ടെത്തുന്നതിനായി, പ്രത്യേക പരിശോധനാ മേഖലകളിലൂടെയുള്ള ആരോഗ്യ വിലയിരുത്തലുകൾക്ക് ശേഷമാണ് എമിറേറ്റിലേക്ക് പ്രവേശിപ്പിക്കുന്നത്. പൊതു സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി,
ഇത്തരം പരിശോധനാ മേഖലകളിൽ യാത്രികരുടെ PCR ടെസ്റ്റിംഗ് ഉറപ്പാക്കുന്നുമുണ്ട്.
വിമാനത്താവളത്തിന്റെ പ്രധാന കവാടങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള സ്മാർട്ട് ഗേറ്റ് സംവിധാനം, യാത്രികരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും, ഓരോ യാത്രികരുടെയും ശരീരം അണുവിമുക്തമാക്കുന്നതിനും സഹായിക്കുന്നതാണ്. കേവലം 3 സെക്കന്റിൽ, ഓരോ യാത്രികരുടെയും ശരീരത്തിലുടനീളം അണുനശീകരണം സാധ്യമാക്കുന്ന ഈ സംവിധാനത്തിൽ 99.9% രോഗാണുക്കളെയും നശിപ്പിക്കാനുതകുന്ന പ്രത്യേക സാനിറ്റൈസറാണ് ഉപയോഗിക്കുന്നത്.
യാത്രികർ മാസ്കുകളും, കയ്യുറകളും ശരിയായ രീതിയിൽ ധരിക്കുന്നുണ്ടെന്ന് കണ്ടെത്തുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങൾ, ഇത്തരം സുരക്ഷാ വീഴ്ചകൾ ഒഴിവാക്കാൻ അധികൃതരെ സഹായിക്കുന്നു. യാത്രനടപടികൾ പൂർത്തിയാക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നതെന്നും, ഇത് ജീവനക്കാരും, യാത്രികരും തമ്മിലുള്ള സമ്പർക്കം പരമാവധി കുറയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി.