ഒമാൻ: 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ജൂൺ 20 മുതൽ വാക്സിൻ നൽകും; ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചു

GCC News

രാജ്യത്തെ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ജൂൺ 20 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 17-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2021 ജൂൺ 6 മുതൽ ആരംഭിച്ചിട്ടുള്ള ഒമാനിലെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയുടെ കീഴിലാണ് ഈ നടപടി. രാജ്യത്തെ 45 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾ, പൗരന്മാർ എന്നിവർക്ക് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി വാക്സിൻ കുത്തിവെപ്പ് നൽകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്ന് ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണിവരെയും, വൈകീട്ട് 3 മുതൽ രാത്രി 9 വരെയും കുത്തിവെപ്പ് ലഭിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ ഈ കേന്ദ്രത്തിൽ നിന്ന് രാവിലെ 9 മുതൽ വൈകീട്ട് 4 മണിവരെ സേവനങ്ങൾ ലഭിക്കുന്നതാണ്.

വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഇതിനായി മുൻ‌കൂർ അനുമതികൾ നേടുന്നതിനായി, മന്ത്രാലയം ഒരു ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. https://covid19.moh.gov.om/ എന്ന വിലാസത്തിൽ ഈ ഓൺലൈൻ ബുക്കിംഗ് സംവിധാനം ലഭ്യമാണ്. ‘Tarassud Plus’ ആപ്പിലൂടെയും ബുക്കിംഗ് നേടാവുന്നതാണ്. 45 വയസിന് മുകളിൽ പ്രായമുള്ളവരോട് വാക്സിനേഷൻ കേന്ദ്രത്തിലെത്തുന്നതിന് മുൻപായി ഈ ഓൺലൈൻ രെജിസ്ട്രേഷൻ പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന് പുറമെ, ഒമാനിലെ സ്വകാര്യ ക്ലിനിക്കുകളിൽ നിന്ന് 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പണമടച്ച് കൊണ്ട് COVID-19 വാക്സിൻ സ്വീകരിക്കാവുന്നതാണ്.