അബുദാബി: ജൂലൈ 15 മുതൽ പാർക്കിംഗ്, ടോൾ എന്നിവ വെള്ളിയാഴ്ച്ചകൾക്ക് പകരം ഞായറാഴ്ച്ചകളിൽ സൗജന്യമാക്കാൻ തീരുമാനം

featured GCC News

എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങൾ, ഡാർബ് ടോൾ ഗേറ്റ് എന്നിവ ആഴ്ച്ചയിൽ ഒരു ദിവസം സൗജന്യമാക്കുന്ന സേവനത്തിൽ 2022 ജൂലൈ 15 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. 2022 ജൂലൈ 10-നാണ് ITC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2022 ജൂലൈ 15 മുതൽ എമിറേറ്റിലെ പാർക്കിംഗ്, ടോൾ എന്നിവ വെള്ളിയാഴ്ച്ചകൾക്ക് പകരം ഞായറാഴ്ച്ചകളിൽ സൗജന്യമാക്കുന്നതിനാണ് ITC തീരുമാനിച്ചിരിക്കുന്നത്. പ്രവർത്തിദിനങ്ങളിൽ റോഡിലെ തിരക്ക് ക്രമീകരിക്കുന്നതിനും, റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി.

ഈ തീരുമാന പ്രകാരം 2022 ജൂലൈ 15 മുതൽ അബുദാബിയിൽ ആഴ്ച്ച തോറും തിങ്കൾ മുതൽ ശനി വരെയുള്ള ദിനങ്ങളിൽ പൊതു പാർക്കിംഗ്, ഡാർബ് ടോൾ ഗേറ്റ് എന്നിവയുമായി ബന്ധപ്പെട്ട ഫീസ് ഈടാക്കുന്നതാണ്. ഞായറാഴ്ച്ചകളിലും, പൊതു അവധിദിനങ്ങളിലും ഈ ഫീസ് ഒഴിവാക്കുന്നതാണ്.

2022 ജനുവരി ആദ്യം മുതൽ എമിറേറ്റിലെ വാരാന്ത്യദിനങ്ങളിൽ മാറ്റം വരുത്താനുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച് ITC നേരത്തെ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ പൊതു പാർക്കിങ്ങുമായി ബന്ധപ്പെട്ട് അബുദാബിയിൽ നിലവിലെ രീതി ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നാണ് ITC 2022 ജനുവരി 1-ന് അറിയിച്ചിരുന്നത്.

Cover Image: WAM.