നബിദിനവുമായി ബന്ധപ്പെട്ട്, ഒക്ടോബർ 29, വ്യാഴാഴ്ച്ച അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. ഒക്ടോബർ 29, വ്യാഴാഴ്ച്ച മുതൽ ഒക്ടോബർ 31, ശനിയാഴ്ച്ച രാവിലെ 7.59 വരെ അബുദാബിയിൽ വാഹനങ്ങൾക്ക് പാർക്കിങ്ങിനായി നൽകിയിട്ടുള്ള ഇടങ്ങളിൽ സൗജന്യമായി പാർക്ക് ചെയ്യാവുന്നതാണ്.
വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത ഇടങ്ങളിലോ, മറ്റു വാഹനങ്ങളെ തടയുന്ന രീതിയിലോ, ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയിലോ വാഹനങ്ങൾ നിർത്തി ഇടരുതെന്നും ITC ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രി 9 മുതൽ രാവിലെ 8 വരെ റസിഡന്റ് പാർക്കിങ്ങുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാനും ITC നിർദ്ദേശിച്ചിട്ടുണ്ട്.
ഒക്ടോബർ 29-ന് എമിറേറ്റിലെ പൊതുഗതാഗതത്തിനുള്ള ബസുകൾ, ഫെറി സേവനങ്ങൾ എന്നിവ വെള്ളിയാഴ്ച്ചകളിലെ പ്രവർത്തനസമയക്രമത്തിൽ സേവനങ്ങൾ നൽകുന്നതാണെന്നും ITC അറിയിച്ചിട്ടുണ്ട്.
നബിദിന അവധിക്ക് ശേഷം ITC കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിലെ വിദൂര സമ്പ്രദായത്തിലെ പ്രവർത്തനങ്ങൾ നവംബർ 1, ഞായറാഴ്ച്ച മുതൽ തുടരുന്നതാണ്. ITC-യുടെ എല്ലാ സേവനങ്ങളും നിലവിൽ https://www.itc.gov.ae/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ, customer.care@itc.gov.ae എന്ന ഇമെയിൽ വിലാസത്തിലൂടെയോ, Darb ആപ്പിലൂടെയോ, 80088888 എന്ന നമ്പറിലൂടെയോ നേടാവുന്നതാണ്.