അബുദാബി: പൊതു മേഖലയിലും, വിദ്യാലയങ്ങളിലും മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തും

GCC News

അബുദാബിയിലെ സർക്കാർ മേഖലയിലും, വിദ്യാലയങ്ങളിലും 2024 മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്കിങ്ങ്, ഓൺലൈൻ പഠനം എന്നിവ ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. 2024 മെയ് 1-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

കാലാവസ്ഥ ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് മെയ് 2, വ്യാഴം, മെയ് 3, വെള്ളി ദിവസങ്ങളിൽ എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും വിദൂര പഠന സംവിധാനം ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ഇതേ ദിവസങ്ങളിൽ എമിറേറ്റിലെ സർക്കാർ മേഖലയിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താനും അബുദാബി അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രകാരം, അബുദാബി സർക്കാർ വകുപ്പുകളിലെ അവശ്യ ജോലികൾ ഒഴികെയുള്ള എല്ലാ ജീവനക്കാരോടും റിമോട്ട് വർക്ക് സംവിധാനം ഉപയോഗപ്പെടുത്താൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.