അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2022 ജൂൺ 1 മുതൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചു

featured GCC News

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2022 ജൂൺ 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി അറിയിച്ചു. 2022 ഏപ്രിൽ 6-നാണ് ഏജൻസി ഇക്കാര്യം അറിയിച്ചത്.

“മലിനീകരണ തോത് കുറയ്ക്കുന്നതിനും, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമായി 2022 ജൂൺ 1 മുതൽ അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നു. അബുദാബിയിലെ ഒറ്റത്തവണ-പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം കുറച്ച് കൊണ്ടുവരുന്നതിനുള്ള കൂടുതൽ നടപടികൾ ഭാവിയിൽ കൈക്കൊള്ളുന്നതാണ്.”, എൻവിറോണ്മെന്റ് ഏജൻസി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

അബുദാബിയിൽ പ്രകൃതിയോടു ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2020-ൽ എൻവിറോണ്മെന്റ് ഏജൻസി പ്രഖ്യാപിച്ച പുരോഗമനാത്മകമായ ഭരണനയത്തിന്റെ ഭാഗമായാണ് ഈ നടപടി. അബുദാബിയിലെ ഒറ്റത്തവണ-പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് കൊണ്ടുവരുന്നതിനും, ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കഴിയുന്നതും പൂർണ്ണമായി ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ഏജൻസി ഈ ഭരണനയം പ്രഖ്യാപിച്ചത്.

അബുദാബിയിലെ ഒറ്റത്തവണ-പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം പടിപടിയായി കുറച്ച് കൊണ്ടുവരുന്നതിനുള്ള നിയമനിർമ്മാണം ഈ ഭരണനയത്തിന്റെ ഭാഗമാണ്. ഒറ്റത്തവണ-പ്ലാസ്റ്റിക്ക് ബാഗുകൾ നിരോധിക്കുക, വീണ്ടും ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബാഗുകളുടെ ഉപയോഗം സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗങ്ങൾക്ക് തീരുവ ചുമത്തുക, ഇവയ്ക്ക് പകരം ദീർഘകാലം ഉപയോഗിക്കാവുന്ന ഇതരമാര്‍ഗ്ഗങ്ങൾ തേടുക തുടങ്ങി നിരവധി പദ്ധതികൾ ഈ നയത്തിന്റെ ഭാഗമായി പ്രാബല്യത്തിൽ വരുത്തുമെന്ന് ഏജൻസി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.