അബുദാബി: പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കാൻ എൻവിറോണ്മെന്റ് ഏജൻസി ആഹ്വാനം ചെയ്തു

featured UAE

എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പരമാവധി ഒഴിവാക്കാൻ അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ആഹ്വാനം ചെയ്തു. ഇത്തരം പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമായി പരിസ്ഥിതി സൗഹൃദ ബാഗുകളുടെ ഉപയോഗം ഒരു ശീലമാക്കാനും EAD ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്ലാസ്റ്റിക് ബാഗുകൾ പരിസ്ഥിതിയ്ക്ക് വരുത്തുന്ന ദോഷങ്ങൾ ചൂണ്ടിക്കാട്ടുന്നതിനായി 2022 ജനുവരി 20-ന് EAD പുറത്തിറക്കിയ ഒരു പ്രത്യേക അറിയിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകളുടെ ഉപയോഗം പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് സഹായകമാകുമെന്ന് EAD അറിയിച്ചു.

പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറി തുടങ്ങിയ നിത്യോപയോഗസാധനങ്ങൾക്കായി നമ്മൾ ഉപയോഗിക്കുന്ന ഒട്ടുമിക്ക പ്ലാസ്റ്റിക് ബാഗുകളും പരമാവധി ഒറ്റത്തവണ മാത്രമാണ് ഉപയോഗിക്കുന്നതെന്നും, ശരാശരി 20 മിനിറ്റ് മാത്രം ഉപയോഗിക്കുന്ന ഇത്തരം ബാഗുകൾ ആവശ്യത്തിന് ശേഷം നമ്മൾ സാധാരണയായി വലിച്ചെറിയുകയാണ് ചെയ്യുന്നതെന്നും ‘ഒരു പ്ലാസ്റ്റിക് ബാഗിന്റെ യാത്ര’ എന്ന പേരിൽ പുറത്തിറക്കിയ ഈ പ്രചാരണ പരിപാടിയിൽ EAD ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ശരിയായ രീതിയിൽ നിർമാർജ്ജനം ചെയ്യാത്ത പ്ലാസ്റ്റിക് ബാഗുകൾ സമുദ്രത്തിലെയും, മറ്റു ആവാസവ്യവസ്ഥകളിലെയും ജീവികൾക്ക് ഭീഷണിയാകുന്ന തരത്തിൽ അത്തരം ഇടങ്ങളെ മലിനമാക്കിക്കൊണ്ട് അടിഞ്ഞ് കൂടുകയാണ് പതിവെന്നും EAD കൂട്ടിച്ചേർത്തു.

ഇത്തരം പ്ലാസ്റ്റിക് ബാഗുകൾ പൂർണ്ണമായി ശിഥിലമാകുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾ ആവശ്യമായി വരാമെന്നും, അവ പുറത്ത് വിടുന്ന വിഷാംശങ്ങൾ ജലസ്രോതസുകളെയും കരയിലെ ആവാസവ്യവസ്ഥകളെയും നശിപ്പിക്കുന്നതിന് ഇടയാക്കുന്നതായും EAD അറിയിച്ചു. നമ്മൾ സമുദ്രങ്ങളിലേക്ക് വീണ്ടുവിചാരമില്ലാതെ ഒഴുക്കിവിടുന്ന ടൺ കണക്കിന് പ്ലാസ്റ്റിക് ബാഗുകൾ മൂലം ഓരോ വർഷവും തിമിംഗലം, ഡോൾഫിൻ, കടലാമകൾ എന്നിവ ഉൾപ്പടെ ഒരു ലക്ഷത്തോളം ജീവികളും ഒരുദശലക്ഷത്തോളം കടൽപക്ഷികളും, ചത്തൊടുങ്ങുന്നതിന് കാരണമാകുന്നതായി EAD ചൂണ്ടിക്കാട്ടി.

ഇക്കാരണങ്ങളാൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കാൻ പൊതുജനങ്ങളോട് EAD ആവശ്യപ്പെട്ടു. ഇവയുടെ ഉപയോഗം ഒഴിവാക്കുന്നതിനായി താഴെ പറയുന്ന മാർഗ്ഗങ്ങൾ പിന്തുടരാനും EAD നിർദ്ദേശിച്ചിട്ടുണ്ട്:

  • ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ തീർത്തും ഒഴിവാക്കുമെന്ന് പ്രതിജ്ഞയെടുക്കുക.
  • പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറി തുടങ്ങിയ നിത്യോപയോഗസാധനങ്ങളുടെ ഷോപ്പിങ്ങിനും മറ്റുമായി തുണി, ചണം, പേപ്പർ, ക്യാൻവാസ്, കോട്ടൺ മുതലായവയാൽ നിർമ്മിതമായ വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കുക.
  • നിങ്ങളുടെ കൈവശം ലഭിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കുക. പകരം അത്തരം ബാഗുകളെ ഗാർബേജ് ബാഗുകളായോ, അലങ്കാര വസ്തുക്കൾ നിർമിക്കുന്നതിനോ അത്തരം മറ്റു പ്രവർത്തനങ്ങൾക്കായോ പ്രയോജനപ്പെടുത്തുക.