യു എ ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിൽ ഗംഭീര ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു. ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള ആഘോഷപരിപാടികളുടെ വിശദമായ സമയക്രമം സംബന്ധിച്ചും അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിപ്പ് നൽകിയിട്ടുണ്ട്.
യു എ ഇയുടെ ഗോൾഡൻ ജൂബിലി വേളയിൽ 2021 ഡിസംബർ 1 മുതൽ 3 വരെ ഇരുപതിലധികം പ്രത്യേക ആഘോഷപരിപാടികളാണ് അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പരിപാടികൾ യു എ ഇയുടെ സംസ്കാരം, നാനാത്വം, ജനങ്ങൾ എന്നീ ഘടകങ്ങളെ പ്രത്യേകമായി എടുത്ത് കാട്ടുന്ന രീതിയിലാണ് ഒരുക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ പൈതൃകത്തിൽ ഊന്നിയിട്ടുള്ള പ്രത്യേക പരിപാടികൾ, സംഗീത പരിപാടികൾ, നൃത്തരൂപങ്ങൾ, കായിക പരിപാടികൾ എന്നിവ എമിറേറ്റിൽ അരങ്ങേറുന്നതാണ്. ഇതോടൊപ്പം ഗംഭീരമായ കരിമരുന്ന് കാഴ്ച്ചകളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
അമ്പതാമത് നാഷണൽ ഡേയുടെ ഭാഗമായി ഡിസംബർ 2-ന് അബുദാബിയിൽ പ്രത്യേക കരിമരുന്ന് പ്രയോഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അബുദാബി സിറ്റി, അൽ ഐൻ, അൽ ദഫ്റ എന്നിവിടങ്ങളിൽ ഡിസംബർ 2-ന് കരിമരുന്ന് കാഴ്ച്ചകൾ ഉണ്ടായിരിക്കുന്നതാണ്. ഇതിന് പുറമെ ഡിസംബർ 2, 3 തീയതികളിൽ അൽ മരിയ ഐലൻഡിൽ പ്രത്യേക വെടിക്കെട്ട് സംഘടിപ്പിക്കുന്നതാണ്. രാത്രി 9 മണിക്കാണ് ഈ കരിമരുന്ന് കാഴ്ച്ചകൾ ഒരുക്കുന്നത്.
നവംബർ 26-ന് ഖസ്ർ അൽ ഹോസനിൽ വെച്ച് എമിറാത്തി ഗായകൻ ഐധ അൽ മിന്ഹാലി അവതരിപ്പിക്കുന്ന പ്രത്യേക സംഗീത പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 1-ന് ഇറാഖി കലാകാരൻ മജീദ് അൽ മൊഹാന്ദിസ്, ഇറാഖി ഗാനരചയിതാവ് അസീൽ ഹമീം എന്നിവർ എമിറേറ്റ്സ് പാലസിൽ പ്രത്യേക സംഗീതപരിപാടികൾ അവതരിപ്പിക്കുന്നതാണ്. ഡിസംബർ 2-ന് ഖസ്ർ അൽ ഹോസനിൽ എമിറാത്തി ഗായകൻ ഹമദ് അൽ അമീരിയും, ഡിസംബർ 3-ന് ലൂവർ അബുദാബിയിൽ എമിറാത്തി ഗായകൻ അഹ്ലവും പ്രത്യേക സംഗീത പരിപാടികൾ അവതരിപ്പിക്കും.
ഇതിന് പുറമെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബി സ്പോർട്സ് ഏവിയേഷൻ ക്ലബ് ഡിസംബർ 2-ന് പ്രത്യേക സ്കൈ ഡൈവിംഗ് പ്രദർശനം പ്രഖ്യാപിച്ചിട്ടുണ്ട്. ജസീറ ക്ലബ്ബിന്റെ സഹായത്തോടെ അമ്പതോളം വിമാനങ്ങൾ പങ്കെടുക്കുന്ന ഒരു ഫ്ലൈ-ഓവറും അബുദാബിയിൽ ഉണ്ടായിരിക്കുന്നതാണ്.
ഡിസംബർ 2-ന് ബവാബത്ത് അൽ ശർഖ് മാളിൽ ഒരു നാഷണൽ ഡേ ഫ്ലാഷ് മോബ് സംഘടിപ്പിക്കുന്നതാണ്. ഈ മാളിൽ വൈകീട്ട് 6 മുതൽ 8 വരെ പ്രത്യേക വെടിക്കെട്ട് ഉണ്ടായിരിക്കുന്നതാണ്. ഇതിന് പുറമെ മാളിൽ ഷെയ്ഖ് സായിദ് ഹോളോഗ്രാം ഇന്റർആക്റ്റീവ് പ്രദർശനം, യു എ ഇയുടെ അമ്പത് വർഷത്തെ യാത്ര അടയാളപ്പെടുത്തുന്ന ‘മജ്ലിസ്, ദി സ്റ്റോറി ഓഫ് ദി 50th’ എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ഈ പ്രദർശനങ്ങൾ ഡിസംബർ 4 വരെ രാവിലെ 10 മുതൽ രാത്രി 10 വരെ സന്ദർശകർക്ക് ആസ്വദിക്കാവുന്നതാണ്.
ബൈത് മുഹമ്മദ് ബിൻ ഖലീഫ, അൽ ജഹ്ലി ഫോർട്ട് എന്നിവിടങ്ങളിൽ യു എ ഇയുടെ ചരിത്രവുമായി ബന്ധപ്പെട്ട പ്രത്യേക പ്രദർശനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. യാസ് ഐലൻഡിൽ അമ്പത് ദിവസത്തെ പ്രത്യേക ഇളവുകളും, മത്സര പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്. https://visitabudhabi.ae/en/events എന്ന വിലാസത്തിൽ നിന്ന് എമിറേറ്റിലെ നാഷണൽ ഡേ ആഘോഷങ്ങളുടെ പൂർണ്ണമായ വിവരങ്ങൾ ലഭ്യമാണ്.
Cover Photo: A file photo of fireworks at Al Maryah Island from 2017. [Source: Emirates News Agency.]