ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നവർ, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) നിർദ്ദേശം നൽകി. സമൂഹത്തിലെ ആരോഗ്യ സുരക്ഷ മുൻനിർത്തി ഇത്തരം പൊതു ഇടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതലുകൾ പാലിക്കാൻ ഏവരും ബാധ്യസ്ഥരാണെന്ന് DMT ജനങ്ങളെ ഓർമ്മപ്പെടുത്തി.
അബുദാബിയിലെ പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ ഈദുൽ അദ്ഹ വേളയിൽ നടപ്പിലാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ:
- പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ പരമാവധി ശേഷിയുടെ 40 ശതമാനം സന്ദർശകർക്ക് മാത്രമാണ് പ്രവേശനാനുമതി.
- ഇത്തരം ഇടങ്ങളിലെ പാർക്കിങ്ങ് സംവിധാനങ്ങളിൽ പരമാവധി ശേഷിയുടെ 50 ശതമാനം വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനാനുമതി.
- 4 പേരിൽ കൂടുതൽ കൂട്ടം കൂടുന്നതും, സംഘം ചേർന്ന് പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്.
- 2 മീറ്റർ സമൂഹ അകലം പാലിക്കേണ്ടതാണ്.
- മാസ്കുകൾ നിർബന്ധമാണ്.
- സന്ദർശകരുടെ ശരീരോഷ്മാവ് തെർമൽ ഉപകരണങ്ങളിലൂടെ പരിശോധിക്കുന്നതാണ്.
- സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് പ്രദർശിപ്പിച്ചിട്ടുള്ള അടയാളങ്ങളും, സന്ദേശങ്ങളും സന്ദർശകർ ശ്രദ്ധിക്കുകയും, അവയിലെ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം.
- ഇത്തരം ഇടങ്ങളിലേക്ക് നിർദിഷ്ട കവാടങ്ങളിലൂടെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്.
- ഇത്തരം ഇടങ്ങളിലെ ലഘുഭക്ഷണശാലകൾ പരമാവധി ശേഷിയുടെ 30 ശതമാനം എന്ന നിലയിലായിരിക്കും പ്രവർത്തിക്കുന്നത്.