അബുദാബി: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതും, കാർബൺ ഉദ്വമനം കുറയ്ക്കുന്നതും ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി EAD

featured GCC News

കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതും, കാർബൺ ഉദ്വമനം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖ സംബന്ധിച്ച് അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി (EAD) അറിയിപ്പ് നൽകി. അന്തരീക്ഷ താപനില ഉയരുന്നതിൽ രേഖപ്പെടുത്തുന്ന ശരാശരി തോത് ഒന്നര മുതൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെയാക്കി നിയന്ത്രിക്കുന്നതിന് ലക്ഷ്യമിടുന്ന ആഗോള നയങ്ങൾക്ക് പിന്തുണനൽകുന്ന പദ്ധതികളാണ് EAD നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായാണ് EAD അബുദാബി ക്ലൈമറ്റ് ചേഞ്ച് സ്ട്രാറ്റജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് അടുത്തിടെ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകിയിരുന്നു.

12 തന്ത്രപ്രധാനമായ പദ്ധതികളുടെ ഭാഗമായി 81 സംരംഭങ്ങളാണ് EAD നടപ്പിലാക്കുന്നത്. അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കുന്ന ഈ സമഗ്ര പദ്ധതികൾ അബുദാബിയിലെ പരിസ്ഥിതി സംരക്ഷണത്തിന് കരുത്തേകും.

ഇതിൽ താഴെ പറയുന്ന പദ്ധതികളും ഉൾപ്പെടുന്നു:

  • കാർബൺ ഉദ്വമനം കുറഞ്ഞ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ. ഇതിലൂടെ എമിറേറ്റിലെ പൊതുഗതാഗത മേഖലയിൽ അന്തരീക്ഷ മലിനീകരണം, ഗ്രീൻഹൗസ് വാതകങ്ങളുടെ ഉദ്വമനം എന്നിവ കുറയ്ക്കുന്നത് ലക്ഷ്യമിടുന്നു.
  • കണ്ടൽകാടുകളുടെ പുനരുദ്ധാരണം. ഇതിനായി അബുദാബിയുടെ തീരദേശമേഖലകളിൽ കൂടുതൽ കണ്ടൽമരങ്ങൾ വെച്ച് പിടിപ്പിക്കുന്നതാണ്. ഇതിനായി പരമ്പരാഗത മാർഗങ്ങളും, ഡ്രോൺ വഴി വിത്ത് വിതരണം ചെയ്യുന്ന നൂതന നടീൽ സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുന്നു.
  • സുസ്ഥിരതയിൽ ഊന്നിയുള്ള വസ്തുക്കളുടെ ഉത്പാദനം, ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കും.
  • അൽ ദഫ്‌റ PV (സോളാർ) പ്ലാന്റ് – ലോകത്തെ തന്നെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് സോളാർ പ്ലാന്റായ അൽ ദഫ്‌റ PV പ്ലാന്റിലൂടെ ഏതാണ്ട് 2.4 ദശലക്ഷം ടൺ കാർബൺ ഡൈ-ഓക്‌സൈഡിന്റെ ബഹിർഗമനം തടയുന്നതിനും, ഒന്നരലക്ഷത്തിലധികം വീടുകൾക്ക് വൈദ്യുതി നൽകുന്നതിനും ലക്ഷ്യമിടുന്നു.

Cover Image: WAM.