ശീതകാലം അടുത്തതോടെ അബുദാബിയിലെ കടൽത്തീരങ്ങളിൽ കടൽ പാമ്പുകളുടെ സാന്നിദ്ധ്യം ഉണ്ടാകാനിടയുണ്ടെന്ന് എൻവിറോൺമെൻറ് ഏജൻസി മുന്നറിയിപ്പ് നൽകി. കടൽത്തീരങ്ങളിൽ പോകുന്നവർ ഇവയെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്.
ഒക്ടോബർ 7-നാണ് ഏജൻസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. അന്തരീക്ഷത്തിലെ താപനില താഴുന്നതോടെ അബുദാബിയിലെ വിവിധ ബീച്ചുകളിൽ ഇത്തരം കടൽ പാമ്പുകളെ സാധാരണയായി കണ്ട് വരാറുണ്ടെന്ന് ഏജൻസി വ്യക്തമാക്കി.
സാധാരണയായി ഇത്തരം കടൽ പാമ്പുകൾ നിരുപദ്രവകാരികളും, ശാന്തമായ സ്വഭാവമുള്ളവയുമാണെന്നും, എന്നാൽ അവയെ പ്രകോപിപ്പിക്കുന്ന എല്ലാ തരത്തിലുള്ള നടപടികളും ഒഴിവാക്കണമെന്നും ഏജൻസി ചൂണ്ടിക്കാട്ടി. ഇരപിടിക്കുന്നതിനും, ഇണചേരുന്നതിനുമായി ഇവ ആഴമില്ലാത്ത കടൽപ്രദേശങ്ങളിലേക്ക് നീന്തിയെത്താറുണ്ടെന്നും, സാദിയത് ഐലൻഡ്, അബുദാബി കോർണിഷ് തുടങ്ങിയ ഇടങ്ങളിലെ കടൽത്തീരങ്ങളിൽ ഇവയെ കരയിലും, വെള്ളത്തിൽ നീന്തുന്ന നിലയിലും കണ്ട് വരാറുണ്ടെന്നും ഏജൻസി വ്യക്തമാക്കി.
കടൽത്തീരങ്ങളിൽ ഇത്തരം കടൽ പാമ്പുകളെ കാണുന്നവർ അവയെ പിടിക്കുന്നതിനോ, തൊടുന്നതിനോ ശ്രമിക്കരുതെന്നും, ഇവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും ഏജൻസി കൂട്ടിച്ചേർത്തു. ഏതെങ്കിലും കാരണവശാൽ ഇവയുടെ കടിയേൽക്കാനിടയാകുന്നവർ ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടത് വളരെ പ്രധാനമാണെന്ന് ഏജൻസി ചൂണ്ടിക്കാട്ടി. ഇത്തരം പാമ്പുകളെ കടൽത്തീരങ്ങളിൽ കണ്ടെത്തുന്നവർക്ക് 800 555 എന്ന നമ്പറിലോ, ബീച്ച് അധികൃതരെ നേരിട്ടോ ഇക്കാര്യം അറിയിക്കാവുന്നതാണ്.