എമിറേറ്റിൽ ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് ഒരു ദശലക്ഷം കണ്ടൽചെടികളുടെ വിത്തുകൾ നട്ടതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു. 2023 ജനുവരി 12-ന് അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
അബുദാബിയിൽ നടപ്പിലാക്കുന്ന ഡ്രോൺ ഉപയോഗിച്ച് കൊണ്ടുള്ള മാൻഗ്രോവ് പ്ലാൻറ്റേഷൻ പദ്ധതിയുടെ ആദ്യ ഘട്ടത്തിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 2021 ഫെബ്രുവരിയിൽ കാംബ്രിഡ്ജ് ഡ്യൂക്ക് H.R.H. പ്രിൻസ് വില്യമിന്റെ യു എ ഇ സന്ദർശനവേളയിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
അദ്ദേഹം ജുബൈൽ കണ്ടൽ പാർക്കിൽ വെച്ച് അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിരവധി പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്നാണ് EAD ഈ പദ്ധതി നടപ്പിലാക്കുന്നത്.
കണ്ടൽ ചെടികളുമായി ബന്ധപ്പെട്ട ഗവേഷണം, കണ്ടൽച്ചെടികളുടെ സംരക്ഷണം എന്നിവയിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും പ്രധാനകേന്ദ്രങ്ങളിലൊന്നായി അബുദാബിയെ പ്രതിഷ്ഠിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി. കാർബൺ പിടിച്ചെടുക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിൽ കണ്ടൽച്ചെടികൾക്കുള്ള പങ്ക് ചൂണ്ടിക്കാട്ടുന്നതും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
2021-ൽ ഗ്ലാസ്‌ഗോവിൽ വെച്ച് നടന്ന COP26 കാലാവസ്ഥാ ഉച്ചകോടിയിൽ യു എ ഇ മിനിസ്ട്രി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിറോണ്മെന്റ് പ്രഖ്യാപിച്ച, 2030-ഓടെ രാജ്യവ്യാപകമായി 100 ദശലക്ഷം കണ്ടൽച്ചെടികൾ വെച്ച് പിടിപ്പിക്കുന്നതിനുള്ള ലക്ഷ്യങ്ങളെ ഈ പദ്ധതി പിന്തുണയ്ക്കുന്നു. ഡ്രോണുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട്, വന്‍തോതിൽ കണ്ടൽച്ചെടികൾ വെച്ച് പിടിപ്പിക്കുന്ന ഇത്തരം ഒരു പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന സംഘടനയാണ് EAD. അൽ ദഫ്‌റ മേഖലയിലെ അൽ മിർഫ പ്രദേശത്താണ് ഈ കണ്ടൽച്ചെടികൾ വെച്ച് പിടിപ്പിച്ചിരിക്കുന്നത്.
Cover Image: Abu Dhabi Media Office.