അബുദാബിയിൽ നാഷണൽ സ്ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായി, ജനസാന്ദ്രതയേറിയ മേഖലകളിൽ നിലവിൽ നടപ്പിലാക്കിവരുന്ന തീവ്രമായ COVID-19 പരിശോധനകളുടെയും, കൊറോണ വൈറസ് ബോധവത്കരണ നടപടികളുടെയും പ്രവർത്തന വ്യാപ്തി കൂടുതൽ വിപുലീകരിച്ചതായി അധികൃതർ അറിയിച്ചു. നിലവിലെ പരിശോധനകൾക്ക് പുറമെ ഇത്തരം മേഖലകളിലെ പൊതുജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവിധ ആവശ്യങ്ങളും, സ്വകാര്യ ആവശ്യങ്ങളും നിറവേറ്റുന്നതിനായുള്ള നടപടികളും നാഷണൽ സ്ക്രീനിങ് പ്രോഗ്രാം നിറവേറ്റുന്ന സംഘാംഗങ്ങൾ മുൻകെയെടുത്ത് ചെയ്യുന്നതായി അധികൃതർ വ്യക്തമാക്കി.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് മരുന്ന്, ഭക്ഷണം മുതലായ സേവനങ്ങൾ എത്തിക്കുന്നതിനും മെഡിക്കൽ പ്രവർത്തകർ നടപടികൾ എടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചെ അബുദാബി മീഡിയാ ഓഫീസ് ഈ പ്രവർത്തനങ്ങൾ സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചു.
നിരവധി വെല്ലുവിളികൾ നിറഞ്ഞ നിലവിലെ സാഹചര്യത്തിൽ, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സേവനങ്ങൾ ലഭ്യമാക്കുക എന്ന തത്വത്തിലൂന്നിയാണ് ഈ പ്രവർത്തനങ്ങൾ എന്ന് അധികൃതർ കൂട്ടിച്ചേർത്തു.