അബുദാബി: ഫ്രീലാൻസർ ലൈസൻസിലേക്ക് 30 വാണിജ്യ പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തി

featured GCC News

ഫ്രീലാൻസർ ലൈസൻസിലേക്ക് 30 പുതിയ പ്രവർത്തനങ്ങൾ കൂടി ചേർത്തതായി അബുദാബി ബിസിനസ് സെൻ്റർ (ADBC) പ്രഖ്യാപിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

യു എ ഇ പൗരന്മാർക്കും, പ്രവാസികൾക്കും കൂടുതൽ വിപുലമായ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഈ തീരുമാനം സഹായകമാകുന്നതാണ്. അബുദാബി സാമ്പത്തിക വികസന വിഭാഗത്തിന് (ADDED) കീഴിലുള്ള ADBC പ്രഖ്യാപിച്ചിട്ടുള്ള ഈ തീരുമാനം എമിറേറ്റിലെ സാമ്പത്തിക അന്തരീക്ഷം വളർത്തുകയും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം കുറഞ്ഞ ചെലവിൽ ബിസിനസ്സ് സ്ഥാപനങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുകയും ചെയ്യുന്നു.

പ്രൊഫഷണലുകളുടെ വിപുലമായ അറിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്നതിൽ ഫ്രീലാൻസ് പ്രൊഫഷണൽ ലൈസൻസിന് ഏറെ പ്രാധാന്യമുണ്ട്. തങ്ങളുടെ വൈദഗ്ധ്യം പ്രയോജപ്പെടുത്തിക്കൊണ്ട് ഓർഗനൈസേഷനുകൾക്കും സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും പ്രത്യേക സേവനങ്ങൾ നൽകാൻ ഈ ലൈസൻസ് അവരെ പ്രാപ്തരാക്കുന്നു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) വികസനം, ഇലക്ട്രോണിക് ഉപകരണങ്ങളും സിസ്റ്റങ്ങളും, സോഫ്റ്റ്‌വെയർ ഡിസൈനിംഗ്, എണ്ണ, പ്രകൃതി വാതക ഫീൽഡ് പ്രൊഡക്ഷൻ സോഫ്റ്റ്‌വെയർ ഡിസൈൻ, ഡാറ്റ ക്ലാസിഫിക്കേഷൻ ആൻഡ് അനാലിസിസ് സേവനങ്ങൾ, കമ്പ്യൂട്ടർ സിസ്റ്റങ്ങളിലും പ്രോഗ്രാമുകളിലും വികസനവും നവീകരണവും, 3D ഇമേജിംഗ് വഴിയുള്ള പ്രൊഡക്ഷൻ മോഡലുകൾ, ഓൺലൈൻ പ്ലെയേഴ്സ് സപ്പോർട്ട് സർവീസ് പ്രൊവൈഡർ എന്നിവ ഉൾപ്പടെയുള്ള പ്രവർത്തനങ്ങളെ ADDED ഫ്രീലാൻസർ ലൈസൻസിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതോടെ അബുദാബിയിലെ ഫ്രീലാൻസ് പ്രൊഫഷണൽ ലൈസൻസിൽ നിലവിൽ 100 വ്യത്യസ്ത പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച വാണിജ്യ പ്രവർത്തനങ്ങളുടെ സമ്പൂർണ്ണ പട്ടിക https://www.added.gov.ae/-/media/78CB72A705494708B4EBF72243EFF839.ashx എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്.