അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് മാറ്റാനുള്ള തീരുമാനം 2024 ഫെബ്രുവരി 9-ന് പ്രാബല്യത്തിൽ വന്നു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
വിമാനത്താവളത്തിന്റെ പേര് മാറ്റുന്ന ഔദ്യോഗിക ചടങ്ങിൽ അബുദാബി എയർപോർട്ട് ബോർഡ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ പങ്കെടുത്തു. യു എ ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടുള്ള ആദര സൂചകമായാണ് വിമാനത്താവളത്തിന്റെ പേര് മാറ്റിയത്.
യു എ ഇ സ്ഥാപക പിതാവിന്റെ സ്മരണയിൽ അബുദാബിയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ പേര് മാറ്റുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അറിയിച്ചു. വിമാനത്താവളത്തിന്റെ പുതിയ ലോഗോ ഇതിന്റെ ഭാഗമായി അനാച്ഛാദനം ചെയ്തു.
2024 ഫെബ്രുവരി 9 മുതൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് മാറ്റാൻ തീരുമാനിച്ച് കൊണ്ട് യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ നവംബറിൽ ഉത്തരവിറക്കിയിരുന്നു. അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ അത്യാധുനിക ടെർമിനലായ ‘ടെർമിനൽ എ’-യുടെ ഔദ്യോഗിക ഉദ്ഘാടവുമായി ബന്ധപ്പെട്ടാണ് യു എ ഇ രാഷ്ട്രപതി എയർപോർട്ട് പുനർനാമകരണം സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
Cover Image: Abu Dhabi Media Office.