അബുദാബിയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) പ്രഖ്യാപിച്ചു. ഓഗസ്റ്റ് 25, ചൊവ്വാഴ്ച്ചയാണ് ITC ഇക്കാര്യം അറിയിച്ചത്.
ആദ്യ ഘട്ടത്തിൽ എമിറേറ്റിലെ 520 പൊതു ബസുകളിലാണ് സൗജന്യ ഇന്റർനെറ്റ് സേവനം നടപ്പിലാക്കിയിട്ടുളളത്. ഇതിൽ അബുദാബി സിറ്റിയിലെ 410 ബസുകളും, അൽ ഐൻ സിറ്റിയിലെ 110 ബസുകളും ഉൾപ്പെടുന്നു.
മൊബൈൽ സേവനദാതാക്കളായ Du-വുമായി ചേർന്നാണ് ITC സൗജന്യ ഇന്റർനെറ്റ് സേവനം നടപ്പിലാക്കുന്നത്. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും, ഉപഭോക്താക്കളുടെ സംതൃപ്തി വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ സേവനങ്ങൾ ITC ഒരുക്കുന്നത്. ദൈനംദിന യാത്രകൾക്കായി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് യാത്രാസമയം ഫലപ്രദമായി ഉപയോഗിക്കുന്നതിനു സഹായമേകുക എന്നതും ITC ഇതിലൂടെ ലക്ഷ്യമിടുന്നു.