എമിറേറ്റിലെ റസിഡന്റ് പാർക്കിംഗ് പെർമിറ്റ് സേവന ആപ്ലിക്കേഷനിൽ മാറ്റം വരുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. ഉപഭോക്താക്കളുടെ അനുഭവം കൂടുതൽ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നടപടി.
ഈ സംവിധാനത്തിലൂടെ പുതിയ താമസക്കാരുടെ പാർക്കിംഗ് പെർമിറ്റുകൾക്കുള്ള അപേക്ഷകൾ സമർപ്പിക്കൽ, കാലഹരണപ്പെട്ടതും, അടുത്ത് തന്നെ കാലാഹരണപ്പെടാനിടയുള്ളതുമായ പെർമിറ്റുകളുടെ പുതുക്കൽ മുതലായ സേവനങ്ങൾ രേഖകളൊന്നും അപ്‌ലോഡ് ചെയ്യാതെ തന്നെ ഏറ്റവും എളുപ്പത്തിൽ നേടുന്നതിന് ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. നിലവിലുള്ള താമസക്കാരുടെ പാർക്കിംഗ് പെർമിറ്റുകളിൽ അടങ്ങിയിരിക്കുന്ന വാഹന വിവരങ്ങളോ താമസ വിവരങ്ങളോ മാറ്റുന്നത് പോലെയുള്ള സേവനങ്ങളും ഈ സംവിധാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഈ സേവനങ്ങൾ “ഡാർബ്” പ്ലാറ്റ്ഫോം വെബ്സൈറ്റിലും, ഡാർബ് ആപ്ലിക്കേഷനിലും ലഭ്യമാണ്. ഡാർബ് പ്ലാറ്റ്‌ഫോമിലേക്ക് ഡൗൺലോഡ് ചെയ്യാതെ തന്നെ, തൗതീഖ് വാടക കരാർ, എമിറേറ്റ്‌സ് ഐഡി അല്ലെങ്കിൽ വാഹന രജിസ്‌ട്രേഷൻ പോലുള്ള പാർക്കിംഗ് പെർമിറ്റുകൾക്ക് ആവശ്യമായ രേഖകളും മറ്റും നൽകുന്നതിന് ആന്തരിക ഡാറ്റാ സംവിധാനങ്ങൾ സംയോജിപ്പിക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. ഇത് കൂടാതെ, സേവന ഫീസും മവാഖിഫ് പിഴയും അടയ്ക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്.
തീർപ്പുകൽപ്പിക്കാത്ത പിഴകളൊന്നും ഇല്ലെങ്കിൽ അപേക്ഷ സമർപ്പിച്ച് സേവന ഫീസ് അടച്ച ഉടൻ തന്നെ പെർമിറ്റ് നൽകുമെന്ന് ITC വ്യക്തമാക്കിയിട്ടുണ്ട്. പിഴതുകകൾ നിലനിൽക്കുന്ന അപേക്ഷകളിൽ പെർമിറ്റ് ഉടനടി ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് സേവന ഫീസും, ഇത്തരം നിലനിൽക്കുന്ന പിഴതുകകളും നൽകേണ്ടതുണ്ട്. വിജയകരമായ നടപടികൾ കൈക്കൊള്ളുന്ന അപേക്ഷകളുടെ വിവരങ്ങൾ ഉടൻ തന്നെ ഉപഭോക്താവിന് അറിയാവുന്നതാണ്.
ഈ സംവിധാനത്തിലൂടെ വ്യക്തിഗത വാഹനങ്ങളുടെയോ കമ്പനി വാഹനങ്ങളുടെയോ മവാഖിഫ് പിഴകളെ കുറിച്ച് അന്വേഷിക്കാനും അടയ്‌ക്കാനുമുള്ള സേവനവും ITC നൽകിയിട്ടുണ്ട്. ഇത് ഉപഭോക്താക്കൾക്ക് ലളിതമായ നടപടികളിലൂടെ പിഴതുകകൾ നൽകുന്നതിന് അവസരമൊരുക്കുന്നു. പിഴ ചുമത്തി 30 ദിവസത്തിനുള്ളിൽ ഈ തുക അടയ്ക്കുന്നവർക്ക് പിഴയുടെ ആകെ തുകയുടെ 25% കിഴിവ് ലഭിക്കുന്നതാണ്.
WAM