ഷാർജ: സർക്കാർ പരിപാടികൾ പുനരാരംഭിക്കും; പൊതു പരിപാടികൾക്കേർപ്പെടുത്തിയ വിലക്ക് തുടരും

UAE

സർക്കാർ വകുപ്പുകളുടെയും, സർക്കാർ സ്ഥാപനങ്ങളുടെയും മേൽ നോട്ടത്തിൽ നടത്തുന്ന പ്രദർശനങ്ങൾ, സമ്മേളനങ്ങൾ മുതലായവ എമിറേറ്റിൽ പുനരാരംഭിക്കുന്നതിനു അനുമതി നൽകാൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു. ഷാർജ ഭരണാധികാരിയും, ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖസ്സിമിയുടെ ഉത്തരവനുസരിച്ചാണ് ഈ തീരുമാനം.

എമിറേറ്റിലെ സമ്മേളനങ്ങൾ, പ്രദർശനങ്ങൾ മുതലായ പരിപാടികൾ സാധാരണ നിലയിലേക്ക് മടക്കികൊണ്ടുവരുന്നതിനായാണ് കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി ഇവയ്ക്ക് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. 2020 സെപ്റ്റംബർ ആദ്യ വാരം മുതൽ സർക്കാർ മേൽനോട്ടത്തിലുള്ള ഇത്തരം പരിപാടികൾക്ക് അനുവാദം നൽകാനാണ് തീരുമാനം. എന്നാൽ, മറ്റു പൊതു പരിപാടികൾക്കും, ജനങ്ങൾ ഒത്തുചേരുന്ന സാഹചര്യമുള്ള ചടങ്ങുകൾക്കും ഷാർജയിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഒക്ടോബർ അവസാനം വരെ തുടരുമെന്ന് കൗൺസിൽ അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ഈ തീരുമാനപ്രകാരം, വിവാഹ ഹാളുകൾ, പൊതു ഹാളുകൾ, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിൽ സാമൂഹിക പരിപാടികൾ സംഘടിപ്പിക്കുന്നത് ഈ കാലയളവിൽ അനുവദിക്കില്ല. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ അവസാനം വരെ ഏർപ്പെടുത്തുന്ന ഈ തീരുമാനം, അപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ആവശ്യമെങ്കിൽ തുടരാമെന്നും അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.