അബുദാബി: പൊതു ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് കുറ്റകരം; 2000 ദിർഹം പിഴ

UAE

എമിറേറ്റിലെ പൊതു ബസ് സ്റ്റോപ്പുകളിൽ മാറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് കുറ്റകരമാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) മുന്നറിയിപ്പ് നൽകി. ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും, ബസ് സ്റ്റോപ്പുകളിൽ തങ്ങളുടെ വാഹനങ്ങൾ നിർത്തി യാത്രികരെ കയറ്റുന്നതും, ഇറക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങളും പിഴ ലഭിക്കാവുന്ന നിയമലംഘനങ്ങളായി കണക്കാക്കുമെന്ന് ITC കൂട്ടിച്ചേർത്തു.

ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിയിലാകുന്ന വാഹനങ്ങൾക്ക് 2000 ദിർഹം പിഴ ചുമത്തുമെന്നും ITC വ്യക്തമാക്കി. പൊതു ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് നിയമവിരുദ്ധമായ പ്രവർത്തിയാണെന്ന് ITC ചൂണ്ടിക്കാട്ടി.

ഇത്തരം പ്രവർത്തനങ്ങൾ റോഡപകടങ്ങളിലേക്ക് നയിക്കാമെന്നും ITC കൂട്ടിച്ചേർത്തു. ഇതിന് പുറമെ, പൊതു ഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനങ്ങളിൽ കാലതാമസം നേരിടുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ കാരണമാകുമെന്നും ITC വ്യക്തമാക്കി. മറ്റു വാഹനങ്ങൾ ബസ് സ്റ്റോപ്പുകളിൽ നിർത്തിയിടുന്നതിലൂടെ റോഡ് ഗതാഗതത്തിന് തടസം നേരിടേണ്ടിവരുന്ന സാഹചര്യവും ITC ചൂണ്ടിക്കാട്ടി.

ഇത്തരം പ്രവർത്തികൾ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന യാത്രികർക്ക് അപകടങ്ങൾ നേരിടുന്നതിലേക്ക് നയിക്കാമെന്നും ITC വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കർശനമായ പരിശോധനകൾ ഉണ്ടാകുമെന്നും ITC മുന്നറിയിപ്പ് നൽകി.