കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കാൻ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി

featured UAE

വിശ്വാസയോഗ്യമല്ലാത്തതും, തെറ്റായതുമായ വിവരങ്ങൾ, വാർത്തകൾ, കിംവദന്തികൾ എന്നിവ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച അറിയിപ്പിലൂടെയാണ് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

“കിംവദന്തികൾക്ക് ശ്രദ്ധ കൊടുക്കാതിരിക്കുന്നത് രാജ്യത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള ഒരു മാർഗമാണ്.”, അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അറിയിപ്പിലൂടെ വ്യക്തമാക്കി.

അജ്ഞത, ഉദാസീനത, തൊഴിലില്ലായ്മ, നിരുത്തരവാദിത്വം, വെറുപ്പ്, മറ്റുള്ളവരുടെ ശ്രദ്ധപിടിച്ച് പറ്റുന്നതിനുള്ള ആഗ്രഹം തുടങ്ങിയവയാണ് വ്യക്തികൾ സാധാരണയായി തെറ്റായ വാർത്തകളും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതിന്റെ പ്രധാനകാരണങ്ങളിൽ ചിലതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.