അബുദാബിയിലെ ജൈവവൈവിധ്യത്തെ അടുത്തറിയാൻ സഹായിക്കുന്ന പുതിയ വെബ്‌സൈറ്റുമായി EAD

featured GCC News

എമിറേറ്റിലെ ജൈവവൈവിധ്യത്തെക്കുറിച്ച് അടുത്തറിയാൻ പൊതുജനങ്ങളെ സഹായിക്കുന്ന ഒരു പുതിയ വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവ അബുദാബി പരിസ്ഥിതി ഏജൻസി (EAD) പുറത്തിറക്കി. 2022 ഒക്ടോബർ 11-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബിയിലെ വന്യജീവികളെ കുറിച്ച് കൂടുതലറിയാനും, ഇത്തരം ജീവികളെ കണ്ടെത്തിയാൽ അത് സംബന്ധിച്ച വിവരം അതോറിറ്റിയെ അറിയിക്കാനും പൊതുജനങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ ആപ്പ്, വെബ്‌സൈറ്റ് എന്നിവ ഉപയോഗിച്ച് കൊണ്ട് സാധിക്കുന്നതാണ്. ദുബായ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ ഒക്ടോബർ 14 വരെ നടക്കുന്ന ജിടെക്സ് ഗ്ലോബൽ 2022 ടെക്നോളജി പ്രദർശനത്തിൽ വെച്ചാണ് ഈ ആപ്പ് പുറത്തിറക്കിയത്.

Source: WAM.

അബുദാബി നേച്ചർ സ്പീഷീസ് എന്ന ഈ ആപ്പ് എമിറേറ്റിൽ വസിക്കുന്ന 4,000-ത്തിലധികം ഇനം മൃഗങ്ങളെയും സസ്യങ്ങളെയും സംബന്ധിച്ച് മുതിർന്നവർക്കും കുട്ടികൾക്കും അറിവ് പകരുന്നു. ഈ ആപ്പ് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.

ഈ ആപ്പിലെ ‘സിറ്റിസൺ സയൻസ്’ എന്ന സംവിധാനം ഉപയോഗിച്ച് കൊണ്ട് രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് കാട്ടിൽ കാണുന്ന ജീവികളുടെയും, സസ്യങ്ങളുടെയും ഫോട്ടോ, വീഡിയോ എന്നിവ EAD-യുമായി പങ്ക് വെക്കാവുന്നതാണ്. GPS സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഇത്തരം നിരീക്ഷണങ്ങൾ EAD-യുടെ വിദഗ്ധ സംഘം അവലോകനം ചെയ്യുന്നതും, പുതിയതായി കണ്ടെത്തുന്ന ജീവികളുടെയും, സസ്യങ്ങളുടെയും, ആവാസ വ്യവസ്ഥകളുടെയും വിവരങ്ങൾ തങ്ങളുടെ ഡാറ്റാബേസിലേക്ക് ചേർക്കുകയും ചെയ്യുന്നതാണ്.

ഈ ആപ്പിലൂടെ EAD ഇതിനകം തിരിച്ചറിഞ്ഞിട്ടുള്ള 4,000 ഇനം പക്ഷികൾ, സസ്തനികൾ, ഉരഗങ്ങൾ, മത്സ്യം, സസ്യങ്ങൾ, ആവാസ വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ തിരയുന്നതിനും, കൂടുതലറിയുന്നതിനും സാധിക്കുന്നതാണ്. വീഡിയോകൾ, ഓഡിയോ, ചിത്രങ്ങൾ, ഓരോ ജീവിവർഗങ്ങളുടെയും ഹ്രസ്വ വിവരണങ്ങൾ, അവയുടെ വലുപ്പം, നിറം, ആവാസവ്യവസ്ഥ, ടാക്സോണമിക് വർഗ്ഗീകരണം, എമിറേറ്റിൽ ഇത്തരം ജീവികളെ കണ്ടെത്തിയ ഇടങ്ങൾ തുടങ്ങിയ വിവരങ്ങൾ ഈ ഡാറ്റാബേസ് സംയോജിപ്പിക്കുന്നു.

EAD-യുടെ മുൻകാല നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, ഉപയോക്താക്കൾക്ക് അബുദാബി എമിറേറ്റിനുള്ളിലെ ഓരോ ഇടങ്ങളിലും കണ്ടെത്താൻ സാധ്യതയുള്ള സ്പീഷിസുകളെ തിരയുന്നതിനും, അടുത്തറിയുന്നതിനും ഈ ആപ്പ് അവസരമൊരുക്കുന്നു. ഈ ആപ്പിലൂടെ പരിസ്ഥിതിയെക്കുറിച്ചുള്ള സംശയങ്ങൾ ചോദിക്കുന്നതിനും പൊതുജനങ്ങൾക്ക് സാധിക്കുന്നതാണ്. ഇത്തരം സംശയങ്ങൾക്ക് EAD-യിലെ ശാസ്ത്രജ്ഞരുടെ ഒരു സംഘം മറുപടി നൽകുന്നതാണ്.

EAD-യിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ, ഒരു പൊതു ഫോറം, ജീവജാലങ്ങളെയും ആവാസ വ്യവസ്ഥകളെയും കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനുള്ള ക്വിസുകൾ, അബുദാബിയിലെ സംരക്ഷിത പ്രദേശങ്ങളുടെയും, ഇക്കോ ടൂറിസം ഇടങ്ങളുടെയും പരിപാലനരീതികൾ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയും ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ്, ഐ ഓ എസ് ഉപകരണങ്ങളിൽ ഈ ആപ്പ് ലഭ്യമാണ്. ഈ വെബ്സൈറ്റ് https://adnature.ead.ae/#/ എന്ന വിലാസത്തിൽ ലഭ്യമാണ്.

WAM