പവിഴപ്പുറ്റുകളുടെ പുനരധിവാസം: മേഖലയിലെ ഏറ്റവും വലിയ പദ്ധതിക്ക് അബുദാബിയിൽ തുടക്കമായതായി EAD

UAE

പവിഴപ്പുറ്റുകളുടെ പുനഃസ്ഥാപനത്തിനായി മേഖലയിലെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിയ്ക്ക് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ഡയറക്ടർ ബോർഡ് ചെയർമാനും, അൽ ദാഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ തുടക്കം കുറിച്ചു. എമിറേറ്റിന്റെ മൊത്തം പവിഴപ്പുറ്റുകളുടെ വിസ്തീർണ്ണം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പവിഴപ്പുറ്റുകളുടെ ഒരു ദശലക്ഷത്തിലധികം കോളനികളുടെ പുനഃസ്ഥാപനം ഈ പുനരധിവാസപദ്ധതിയിലുൾപ്പെടുന്നു.

എല്ലാ വർഷവും ജൂൺ 8-ന് ആഘോഷിക്കുന്ന ലോക മഹാസമുദ്ര ദിനത്തോടനുബന്ധിച്ചാണ് ഈ പദ്ധതിക്ക് നാന്ദികുറിച്ചത്. സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും അതിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഏജൻസി വികസിപ്പിച്ച ചട്ടക്കൂടിനുള്ളിലാണ് ഈ സമഗ്രവും, സുപ്രധാനവുമായ പദ്ധതിയുടെ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഏറ്റവും പ്രധാനപ്പെട്ടതും ഉൽ‌പാദനക്ഷമവുമായ സമുദ്ര ആവാസ വ്യവസ്ഥകളിലൊന്നായി കണക്കാക്കപ്പെടുന്ന പവിഴപ്പുറ്റുകളെ സംരക്ഷിക്കാൻ ഏജൻസി നടത്തിയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ ഈ പദ്ധതിയുടെ പ്രാധാന്യം ഷെയ്ഖ് ഹംദാൻ ഊന്നിപ്പറഞ്ഞു. അബുദാബി എമിറേറ്റിലെ ജൈവ വൈവിധ്യത്തെ ഈ സമുദ്രശിലകൾ പിന്തുണയ്ക്കുന്നു. കൂടാതെ ഇത് പലതരം മത്സ്യങ്ങൾക്കും സമുദ്ര ജീവികൾക്കും പ്രകൃതിദത്ത ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്നു. ഇതോടൊപ്പം ഇവ ബീച്ചുകളെ മണ്ണൊലിപ്പിൽ നിന്ന് സംരക്ഷിക്കുന്നതിലും, മത്സ്യബന്ധനത്തിനും അബുദാബിയിലെ വിനോദ, ടൂറിസം പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നു.

“അറേബ്യൻ ഗൾഫിലെ കഠിനമായ പാരിസ്ഥിതിക സാഹചര്യങ്ങൾക്കിടയിലും, ഈ പ്രദേശത്തെ വിവിധ സമുദ്ര ജീവജാലങ്ങൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥകൾ നൽകാൻ പവിഴപ്പുറ്റുകൾ പ്രാപ്തമാണ്. ഉയർന്ന താപനിലയുമായി പൊരുത്തപ്പെടാനുള്ള അസാധാരണമായ കഴിവ് അറേബ്യൻ ഗൾഫിലെ പവിഴപ്പുറ്റുകളെ ലോകത്തെ മറ്റ് പവിഴപ്പുറ്റുകളിൽ നിന്ന് വേർതിരിച്ച് നിർത്തുന്നു.”, H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

“അബുദാബി എമിറേറ്റിൽ റാസ് ഘാനഡ , ബൂട്ടിന , സാദിയത് , അല്നൊഉഫ് എന്നിവിടങ്ങളിലായി 34 വ്യത്യസ്ത തരം പവിഴപുറ്റുകൾ ഉണ്ട്. കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പിലെ ഉയർന്ന താപനിലയും കാരണം പവിഴപ്പുറ്റുകൾക്ക് വിധേയമാകുന്ന പ്രകൃതിദത്ത സമ്മർദ്ദങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് ഈ പദ്ധതിയുടെ ഭാഗമായി പ്രത്യേക നഴ്സറികൾ വികസിപ്പിക്കും. മൊത്തം പവിഴപ്പുറ്റുകളുടെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിലൂടെയും, ബാധിത പ്രദേശങ്ങളെ പുനരധിവസിപ്പിക്കുന്നതിലൂടെയും പവിഴപ്പുറ്റുകളുടെ മഹത്തായ പൈതൃകം, സാമ്പത്തിക, ശാസ്ത്രീയ മൂല്യം എന്നിവ സംരക്ഷിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നതാണ്.”, പ്രതിരോധകാര്യ സഹമന്ത്രിയും പരിസ്ഥിതി ഏജൻസിയുടെ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനുമായ മുഹമ്മദ് ബിൻ അഹമ്മദ് അൽ ബൊവാർഡി വ്യക്തമാക്കി.

“പവിഴപ്പുറ്റുകൾ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി ജല താപനിലയിലെ വർദ്ധനവാണ്; ഇത് താപ സമ്മർദ്ദം വർദ്ധിപ്പിക്കുകയും, ഇവയുടെ നാശത്തിലേക്ക് നയിക്കാവുന്ന “കോറൽ ബ്ലീച്ചിംഗ്” എന്ന പ്രതിഭാസത്തിന് കാരണമാവുകയും ചെയ്യുന്നു.”, EAD മാനേജിംഗ് ഡയറക്ടർ റസാൻ ഖലീഫ അൽ മുബാറക് പറഞ്ഞു. ഈ പ്രതിഭാസം മൂലമാണ് 2017-ൽ അബുദാബി എമിറേറ്റിലെ 73 ശതമാനം കോറൽ റീഫുകളും നഷ്ടമായതെന്നും അവർ കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് ഉൾപ്പെടെ പവിഴപ്പുറ്റുകളുടെ വലിയൊരു ശതമാനം ലോകത്തിന് നഷ്ടമായിക്കഴിഞ്ഞു. ഗ്രേറ്റ് ബാരിയർ റീഫിന്റെ 50 ശതമാനം നഷ്ടമായിക്കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാന സാധ്യതകൾ പ്രതികൂലമായി ബാധിച്ചില്ലെങ്കിൽ, പവിഴപ്പുറ്റുകളുടെ അവസ്ഥയിൽ 10 ശതമാനം മുതൽ 18 ശതമാനം വരെ പുരോഗതി നേടുമെന്ന് EAD നടത്തിയ സർവേകളിലൂടെ വ്യക്തമായിട്ടുണ്ട്.

“2005 മുതൽ, അബുദാബി എമിറേറ്റിലുടനീളമുള്ള 10 വ്യത്യസ്ത സ്റ്റേഷനുകളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് സീസണൽ സർവേയിലൂടെ പവിഴപ്പുറ്റുകളുടെ അവസ്ഥ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു പദ്ധതി EAD നടപ്പാക്കിയിട്ടുണ്ട്. എമിറേറ്റിന്റെ പവിഴപ്പുറ്റുകൾ കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഒരു പദ്ധതിയും ഏജൻസി വികസിപ്പിച്ചെടുത്തിട്ടുണ്ട്. പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥയെ മനസിലാക്കുന്നതിനും ഗവേഷണം നടത്തുന്നതിനും നെഗറ്റീവ് പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും അധഃപതിച്ച ശിലകളും റീഫുകളും പുനഃസ്ഥാപിക്കുന്നതിനും ഇത് സഹായിക്കുന്നു.”, EAD സെക്രട്ടറി ജനറൽ ഷെയ്ഖാ സേലം അൽ ദഹേരി പറഞ്ഞു. “പവിഴപ്പുറ്റുകളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല സ്വാധീനം കുറയ്ക്കുന്നതിനൊപ്പം എമിറേറ്റ് ജലത്തിലെ പവിഴപ്പുറ്റുകളുടെ മൊത്തം വിസ്തീർണ്ണം വർദ്ധിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനവും മനുഷ്യ പ്രവർത്തനങ്ങളും ബാധിച്ച പ്രദേശങ്ങളെ പുനരധിവസിപ്പിക്കാൻ സഹായിക്കുക, കണ്ടെത്തുന്നതിന് ഗവേഷണങ്ങളും പഠനങ്ങളും നടത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.”, അവർ കൂട്ടിച്ചേർത്തു.

പദ്ധതിയുടെ ആദ്യ മൂന്നുവർഷത്തെ ഘട്ടത്തിൽ ഇത്തരം നഴ്സറി സൈറ്റുകൾ തിരഞ്ഞെടുത്ത് വളർച്ചയ്ക്ക് സംരക്ഷിത അന്തരീക്ഷം ഉറപ്പുവരുത്തുക, പവിഴ സ്രോതസ്സുകളും നഴ്സറി പ്രദേശങ്ങളും ജലത്തിന്റെ ഗുണനിലവാരം, ആഴം, താപനില എന്നിവ അനുസരിച്ച് വിലയിരുത്തുക, പരിപോഷിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും നിരവധി അണ്ടർവാട്ടർ നഴ്സറികൾ സ്ഥാപിക്കുക, പവിഴ ശകലങ്ങൾ വളർത്തുക എന്നിവ ഉൾപ്പെടുന്നു.

പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിൽ കോറൽ നഴ്സറി സ്റ്റോക്കുകളുടെ വിളവെടുപ്പ്, പുനരധിവാസ സ്ഥലങ്ങളിലേക്കുള്ള പുനഃസ്ഥാപനം, സംയോജിത പവിഴ സംവിധാനം പുനഃസ്ഥാപിക്കുന്നതിനായി ബാധിത സ്ഥലങ്ങൾ നട്ടുവളർത്തൽ എന്നിവ ഉൾപ്പെടുന്നു. മൂന്നാം ഘട്ടത്തിൽ നഴ്സറി സ്റ്റോക്ക് വിളവെടുപ്പ് പൂർത്തീകരിക്കുന്നതും പുതിയ പവിഴവളർച്ചയോടെ അധഃപതിച്ച പ്രദേശങ്ങളുടെ പുനഃസ്ഥാപനവും ഉൾപ്പെടും.

WAM