അബുദാബി: ഡെലിവറി മേഖലയിൽ മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക പ്രചാരണ പരിപാടി

GCC News

എമിറേറ്റിലെ റോഡുകളിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, ഡെലിവറി മേഖലയിൽ മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്നവർക്കിടയിൽ റോഡ് സുരക്ഷ സംബന്ധിച്ച അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പ്രചാരണ പരിപാടിയ്ക്ക് അബുദാബി ട്രാഫിക് സേഫ്റ്റി ജോയിന്റ് കമ്മിറ്റി രൂപം നൽകി. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്സ് നേതൃത്വം നൽകുന്ന ഈ മോട്ടോർ സൈക്കിൾ സുരക്ഷാ ബോധവത്‌കരണ പ്രചാരണ പരിപാടി അബുദാബി പോലീസ് ജനറൽ കമാൻഡ്, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ എന്നിവർ ചേർന്ന് സംയുക്തമായാണ് നടപ്പിലാക്കുന്നത്.

എമിറേറ്റിലെ റസ്റ്ററന്റുകൾ, ചില്ലറവില്പന വാണിജ്യശാലകൾ, കൊറിയർ കമ്പനികൾ തുടങ്ങിയ മേഖലകളിൽ തൊഴിലെടുക്കുന്ന ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ടാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. എമിറേറ്റിലെ റോഡപകടങ്ങൾ തീർത്തും ഇല്ലാതാക്കുന്നത് ലക്ഷ്യമിട്ടുള്ള വിഷൻ സീറോ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രചാരണ പരിപാടി നടപ്പിലാക്കുന്നത്.

എമിറേറ്റിലെ റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി ട്രാഫിക് സേഫ്റ്റി ജോയിന്റ് കമ്മിറ്റി നടപ്പിലാക്കുന്ന നിരവധി പരിപാടികളിലൊന്നാണ് ഈ പ്രചാരണ പരിപാടി. ഇതിന്റെ ഭാഗമായി, ഡെലിവറി മേഖലയിൽ മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്നവർക്കിടയിൽ താഴെ പറയുന്ന സുരക്ഷാ മുൻകരുതൽ ശീലങ്ങൾ നടപ്പിലാക്കുന്നതിനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്:

  • ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ, സ്ഥാപനങ്ങൾ എന്നിവരോട് എമിറേറ്റിലെ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ, ട്രാഫിക് നിയമങ്ങൾ എന്നിവ കൃത്യമായി പാലിക്കാൻ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
  • വാഹനങ്ങൾ ഉപയോഗിക്കുന്നവർ, റോഡിലെ മറ്റു യാത്രികർ എന്നിവർക്ക് അപകടത്തിനിടയാക്കുന്ന നിയമവിരുദ്ധമായ പ്രവർത്തികൾ ഒഴിവാക്കേണ്ടതാണ്.
  • അമിത വേഗം, റോഡിലെ വരികൾ അശ്രദ്ധമായി മാറുന്നത്, തെറ്റായ രീതിയിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നത്, കൃത്യമായ സിഗ്നലുകൾ ഉപയോഗിക്കാതിരിക്കുന്നത് മുതലായ ശീലങ്ങളാണ് മിക്ക മോട്ടോർ സൈക്കിൾ അപകടങ്ങൾക്കും ഇടയാക്കുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
  • റോഡ് ഉപയോഗിക്കുന്ന മുഴുവൻ സമയവും ശ്രദ്ധ, ജാഗ്രത മുതലായ ശീലങ്ങൾ പാലിക്കേണ്ടതാണ്.
  • ഇത്തരം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തങ്ങളുടെ ഡെലിവറി ജീവനക്കാർക്ക് ആവശ്യമായ ഹെൽമറ്റ്, മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്നവർക്കുള്ള പ്രത്യേക സുരക്ഷാ വസ്ത്രങ്ങൾ മുതലായ സുരക്ഷാ ഉപകരണങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.
  • ഡെലിവറി ജീവനക്കാർ ഇത്തരം സുരക്ഷാ ഉപകരണങ്ങൾ മുഴുവൻ സമയവും ധരിക്കേണ്ടതാണ്.
  • മോട്ടോർ സൈക്കിളുകളുടെ മുന്നിലെയും, പുറക് വശത്തേയും ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • മോട്ടോർ സൈക്കിളുകളിൽ തേയ്മാനം വരാത്ത ടയറുകൾ ഉറപ്പാക്കേണ്ടതാണ്.
  • ഇത്തരം മോട്ടോർ സൈക്കിളുകളിൽ ആവശ്യമായ റിഫ്ലക്റ്റീവ് സ്റ്റിക്കറുകൾ പതിപ്പിക്കേണ്ടതാണ്.
  • പ്രതികൂല കാലാവസ്ഥയിൽ ബൈക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • കാൽനടയാത്രികർക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള ഇടങ്ങൾ, കെട്ടിടങ്ങളുടെയും, വീടുകളുടെയും പ്രവേശനകവാടങ്ങൾ മുതലായ ഇടങ്ങളിൽ മോട്ടോർ സൈക്കിളുകൾ പാർക്ക് ചെയ്യരുത്.