വിദേശയാത്രയ്ക്ക് ശേഷം 2021 ജനുവരി 3-നോ, അതിനു ശേഷമോ യു എ ഇയിൽ തിരിച്ചെത്തിയിട്ടുള്ള 4 മുതൽ 11 വയസ്സ് വരെ പ്രായമുള്ള മുഴുവൻ വിദ്യാർത്ഥികളും, വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കുന്നതിന് COVID-19 നെഗറ്റീവ് റിസൾട്ട് ഹാജരാക്കണമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (Adek) അറിയിച്ചു. ഇത്തരം വിദ്യാർത്ഥികൾ 96 മണിക്കൂറിലധികം പഴക്കമില്ലാത്ത, മൂക്കിൽ നിന്നുള്ള സ്രവം അല്ലെങ്കിൽ ഉമിനീർ പരിശോധനയിലൂടെ ലഭിച്ച COVID-19 PCR റിസൾട്ടാണ് ഹാജരാക്കേണ്ടത്.
ഗ്രീൻ ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ സഞ്ചരിച്ച ശേഷം തിരിച്ചെത്തുന്ന വിദ്യാർത്ഥികൾ, ഇതിന് പുറമെ, തങ്ങളുടെ രക്ഷിതാക്കളിൽ ഒരാളുടെ ക്വാറന്റീൻ അവസാനിച്ചതായി സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതാണ്. ഈ സർട്ടിഫിക്കറ്റ് കൈകളിൽ ധരിക്കുന്ന ട്രാക്കിങ്ങ് ഉപകരണം നീക്കുന്ന അവസരത്തിൽ SEHA-യിൽ നിന്ന് ലഭിക്കുന്നതാണ്.
മൂന്നാഴ്‌ച്ചത്തെ ശീതകാല ഇടവേളയ്ക്ക് ശേഷം വിദ്യാലയങ്ങൾ തുറന്ന സാഹചര്യത്തിലാണ് Adek ഈ അറിയിപ്പ് നൽകിയത്. ജനുവരി 3 മുതൽ ക്ലാസ്സുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, ആദ്യ രണ്ട് ആഴ്ച്ചകളിൽ വിദൂര പഠനരീതിയാണ് നിലവിൽ നടപ്പിലാക്കുന്നത്. ഇതിന് ശേഷം വിദ്യാർത്ഥികൾ സ്‌കൂളുകളിൽ തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് COVID-19 PCR റിസൾട്ട് സംബന്ധമായ ഈ പുതിയ നിബന്ധന പ്രാബല്യത്തിൽ വരിക. വിദ്യാർത്ഥികൾക്ക് അബുദാബിയിൽ ഇത്തരം പരിശോധനകൾ സൗജന്യമായി നൽകുന്ന കേന്ദ്രങ്ങളുടെ വിവരങ്ങളും Adek നൽകിയിട്ടുണ്ട്.
താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്ന് വിദ്യാത്ഥികൾക്ക് സൗജന്യമായി COVID-19 ടെസ്റ്റ് നടത്താവുന്നതാണ്:
അബുദാബി സിറ്റി:
- Biogenix Lab, Masdar City. (ദിനവും 7am – 10pm വരെ)
- Al Hosn One-Day Surgery Centre, Al Sahel Towers. (വെള്ളിയാഴ്ച്ച ഒഴികെ, ദിനവും 10am – 8pm വരെ)
- Mafraq Hospital, Shakhbout City. (ദിനവും 7am – 10pm വരെ)
അൽ ഐൻ
- Al Tiwayyah Community Centre Majlis. (ദിനവും 9am – 5pm വരെ)
- Al Reef Community Centre Majlis, Al Hili. (ദിനവും 9am – 5pm വരെ)
- Al Mas’oudi Community Centre Majlis, Al Hili. (ദിനവും 9am – 5pm വരെ)
അൽ ദഫ്‌റ
- Burjeel Oasis Medical Centre. (വെള്ളിയാഴ്ച്ച ഒഴികെ, ദിനവും 9am – 5pm വരെ)
https://adek.gov.ae/-/media/Project/TAMM/ADEK/Jan2021/FREE%20COVID%20EN എന്ന വിലാസത്തിൽ ഈ പട്ടിക ലഭ്യമാണ്.