അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ മാർച്ച് 18-ന് ആരംഭിക്കും

featured UAE

അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് 2022 മാർച്ച് 18-ന് ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന്റെ കീഴിൽ ഒരുക്കുന്ന ഈ മേള അൽ ബഹർ അബുദാബി കോർണിഷിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.

മാർച്ച് 18-ന് ആരംഭിക്കുന്ന അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ മാർച്ച് 27 വരെ നീണ്ട് നിൽക്കും. യു എ ഇയുടെ തീരദേശമേഖലയുടെ പൈതൃകം സന്ദർശകരുടെ മുന്നിൽ എടുത്ത് കാട്ടുന്നതിനായാണ് ഈ മേള സംഘടിപ്പിക്കുന്നത്.

മേളയിലെത്തുന്നവർക്ക് യു എ ഇയുടെ നാവിക പാരമ്പര്യത്തെയും, സമുദ്ര വാണിജ്യ ചരിത്രത്തിന്റെയും ഇതിഹാസങ്ങൾ അടുത്ത് അറിയുന്നതിനും, നാവിക മേഖലയിൽ യു എ ഇ പരമ്പരാഗതമായി ആർജ്ജിച്ചിട്ടുള്ള കഴിവുകൾ മനസിലാക്കുന്നതിനും അവസരം ലഭിക്കുന്നതാണ്.

സന്ദർശകർക്കായി ഈ മേളയിൽ പ്രത്യേക വർക്ക്ഷോപ്പുകൾ, മറ്റു പരിശീലന പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതാണ്. കപ്പലോട്ടം, കപ്പൽ നിർമ്മാണം, മത്സ്യബന്ധനം, മുത്ത്, പവിഴം എന്നിവയുടെ ശേഖരണം തുടങ്ങിയ മേഖലകളിൽ യു എ ഇ എന്ന രാജ്യത്തിനുള്ള ചരിത്രപരമായ സ്ഥാനം ഈ മേള പ്രത്യേകം എടുത്ത് കാട്ടുന്നു. മേളയുടെ ഭാഗമായി ഭക്ഷ്യവിഭവങ്ങൾ ഉൾപ്പടെ ലഭിക്കുന്ന ഒരു പരമ്പരാഗത മാർക്കറ്റ് പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്.

ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 11 വരെയാണ് അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ ടിക്കറ്റ് നിരക്ക്:

  • മുതിർന്നവർക്ക് – 30 ദിർഹം.
  • അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികൾക്ക് – 15 ദിർഹം.

https://abudhabiculture.ae/en/cultural-calendar/festivals-and-heritage/maritime-heritage-festival-2022 എന്ന വിലാസത്തിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാണ്.