അബുദാബി: ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

UAE

പൊതുജനങ്ങൾക്ക് തങ്ങളുടെ വാഹനങ്ങളിലിരുന്നു കൊണ്ട് തന്നെ വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നതിനുള്ള സേവനങ്ങൾ നൽകുന്ന ഒരു ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ (MBZ City) പ്രവർത്തനമാരംഭിച്ചു. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്താണ് (DoH) ഇക്കാര്യം അറിയിച്ചത്.

അബുദാബിയിലെ MBZ സിറ്റിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് ഈ പുതിയ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഈ ഡ്രൈവ്-ത്രൂ കേന്ദ്രത്തിലെത്തുന്നവർക്ക് കേവലം ഇരുപത് മിനിറ്റിനുള്ളിൽ പ്രാഥമിക പരിശോധന ഉൾപ്പടെയുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പൂർത്തിയാക്കാവുന്നതാണെന്ന് DoH അറിയിച്ചു.

പ്രതിദിനം ഏതാണ്ട് 700 പേർക്ക് വാക്സിനേഷൻ സേവനങ്ങൾ നൽകുന്നതിന് ഈ കേന്ദ്രം പ്രാപ്തമാണ്. ഒരു മണിക്കൂറിൽ ഈ കേന്ദ്രത്തിൽ നിന്ന് അറുപത് പേർക്ക് വീതം വാക്സിൻ നൽകാൻ കഴിയുന്നതാണ്. പ്രായമായവർക്കും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും COVID-19 വാക്സിൻ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ഈ കേന്ദ്രം സഹായകമാണെന്ന് DoH വ്യക്തമാക്കി.