കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട രോഗവിവരങ്ങൾ അറിയിക്കുന്നതിനും, സഹായങ്ങൾക്കുമായി അബുദാബി പോലീസ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ സേവനം ആരംഭിച്ചു. 909 എന്ന നമ്പറിൽ, COVID-19 കേസുകളുടെ വിവരങ്ങൾ അറിയിക്കുന്നതിനായി, പൊതുജനങ്ങൾക്ക് വിളിക്കാവുന്നതാണ്.
മുസഫയിൽ പ്രവർത്തിക്കുന്ന പോലീസ് ഓപ്പറേഷൻ സെന്റററിലേക്കാണ് 909-ൽ വരുന്ന കാളുകൾ ബന്ധിപ്പിക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ വ്യക്തികൾ, തൊഴിൽ സ്ഥാപനങ്ങൾ, തൊഴിലാളികളുടെ താമസയിടങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഫോൺ കാളുകൾ സ്വീകരിക്കുന്നതിനും, സേവനങ്ങൾ ഉറപ്പാക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയതായി മുസഫ പോലീസ് സ്റ്റേഷൻ ഡയറക്ടർ ഫാദിൽ ഗാദിർ അൽഷംസി അറിയിച്ചു. ഏഷ്യൻ വംശജരുമായി ആശയവിനിമയം നടത്തുന്നതിനായി പ്രത്യേക ദ്വിഭാഷികളുടെ സേവനവും ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
അബുദാബിയിലെ നിവാസികൾക്ക് 909 എന്ന സംവിധാനത്തിലൂടെ, COVID-19 രോഗിയായ ഒരാളെപ്പറ്റിയുള്ള വിവരങ്ങൾ അറിയിക്കുന്നതിനും, ആവശ്യമായ ആരോഗ്യ സഹായങ്ങൾ ഉറപ്പാക്കുന്നതിനും സാധിക്കും. “COVID-19 രോഗികൾക്ക് ആവശ്യമായ പ്രാഥമിക പരിശോധനകൾ അവരുടെ താമസയിടങ്ങളിലെത്തി നടത്തുമെന്നും, ഗുരുതരമായ അവസ്ഥയിലുള്ളവരെ ചികിത്സകൾക്കായി ആംബുലസുകളിൽ ആശുപത്രികളിലേക്ക് എത്തിക്കുന്നതിനു ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുമെന്നും” അൽഷംസി വ്യക്തമാക്കി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് ആവശ്യമായ ക്വാറന്റീൻ നിർദ്ദേശങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഈ കേന്ദ്രം പ്രധാനമായും തൊഴിലാളികളുടെ താമസയിടങ്ങളിൽ നിന്നുള്ള COVID-19 സ്ഥിരീകരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും, അന്വേഷണങ്ങൾക്ക് ആവശ്യമായ സഹായങ്ങളുമാണ് നൽകി വരുന്നത്.