ഇന്റർനെറ്റ് ഗെയിംസ്, സമൂഹ മാധ്യമ പോസ്റ്റുകൾ, ഓൺലൈൻ പരസ്യങ്ങൾ എന്നിവയിലൂടെ കുട്ടികളെയും, കൗമാരപ്രായക്കാരെയും, മുതിർന്നവരെയും ലക്ഷ്യമിട്ടുള്ള ഇന്റർനെറ്റ് തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പുലർത്താൻ അബുദാബി പോലീസ് നിർദേശം നൽകി. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലൂടെ പണം കവരുന്നതിനായാണ് ഇത്തരം തട്ടിപ്പുകാർ ലക്ഷ്യമിടുന്നതെന്നും പോലീസ് വ്യക്തമാക്കി.
നിയമപ്രകാരമുള്ള സംഘടനകളായും, സ്ഥാപനങ്ങളായും ചമഞ്ഞ് കൊണ്ട് വിവിധ തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കുന്നതും, ലാഭകരമെന്ന് തോന്നിപ്പിക്കുന്നതുമായ മാർഗങ്ങളിലൂടെയാണ് ഇത്തരം തട്ടിപ്പുകാർ ഇരകളെ കബളിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയ അധികൃതർ, ഇവർക്കെതിരെ ജാഗ്രത പുലർത്താൻ സമൂഹത്തോട് ആഹ്വാനം ചെയ്തു. സ്വകാര്യ വിവരങ്ങൾ ചോർത്തിയ ശേഷം അവ ഉപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച, ഏതാനം കേസുകൾ ജനങ്ങളുടെ അറിവിലേക്കായി അധികൃതർ പങ്കുവെച്ചു.
കുടുംബത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി രക്ഷിതാക്കളോട് തങ്ങളുടെ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും പോലീസ് ആവസ്യപ്പെട്ടു. നിലവിലെ വിദൂര വിദ്യാഭ്യാസത്തിന്റെ സാഹചര്യത്തിൽ, പഠനത്തിനായി ഓൺലൈൻ കൂട്ടായ്മകളും മറ്റും ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുമ്പോൾ, ഇത്തരം ഇടങ്ങളിൽ നിന്നും ഉണ്ടാകുന്ന ഭീഷണികളും, ഓൺലൈനിലൂടെ ഭയപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും ഉടൻ തന്നെ രക്ഷിതാക്കളോട് പങ്കുവെക്കുന്നതിനുള്ള ശീലം കുട്ടികളിൽ വളർത്താനും പോലീസ് ആഹ്വനം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന എല്ലാ ഇന്റർനെറ്റ് ഭീഷണികളും 8002626 (AMAN2626) എന്ന നമ്പറിൽ രക്ഷിതാക്കൾക്ക് അധികൃതരുമായി സുരക്ഷിതമായി പങ്കുവെക്കാവുന്നതാണ്.