എമിറേറ്റിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 2022 ജനുവരി 24, തിങ്കളാഴ്ച്ച മുതൽ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പടിപടിയായി പുനരാരംഭിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ജനുവരി 19-ന് വൈകീട്ടാണ് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ഈ തീരുമാനത്തിന് അംഗീകാരം നൽകിയത്.
ഈ തീരുമാനം അബുദാബിയിലെ പൊതു, സ്വകാര്യ സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ, കോളേജുകൾ, മറ്റു പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ബാധകമാണ്. ഇത്തരം സ്ഥാപനങ്ങളിലേക്ക് തിരികെയെത്തുന്ന വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള പ്രതിരോധ നടപടികൾ തുടരുമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാലയങ്ങളിലെത്തുന്ന എല്ലാ വിദ്യാർത്ഥികളും അധ്യയനത്തിന്റെ ആദ്യ ദിവസം 96 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത PCR പരിശോധനാ ഫലം ഹാജരാക്കേണ്ടതാണ്. തുടർന്ന് വിദ്യാർത്ഥികൾ രണ്ടാഴ്ചയിലൊരിക്കൽ PCR പരിശോധന നിർബന്ധമായും നടത്തേണ്ടതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന രക്ഷിതാക്കൾക്ക് 96 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത PCR പരിശോധനാ നെഗറ്റീവ് ഫലം നിർബന്ധമാണ്.
2022 ജനുവരി 24 മുതൽ രാജ്യത്തെ വിദ്യാലയങ്ങളിൽ നേരിട്ടുള്ള അധ്യയനത്തിനായി വിദ്യാർത്ഥികൾ പടിപടിയായി തിരികെ പ്രവേശിക്കുന്നതിനുള്ള NCEMA തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ഇത്തരം ഒരു തീരുമാനത്തിന് അംഗീകാരം നൽകിയത്.