യു എ ഇ: നിയമവിരുദ്ധമായി ഒത്തുകൂടിയതിന് 57 ബംഗ്ലാദേശി പൗരന്മാർക്ക് ശിക്ഷ വിധിച്ചു

UAE

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒത്തുകൂടി കലാപത്തിന് പ്രേരിപ്പിച്ച 57 ബംഗ്ലാദേശി പൗരന്മാർക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതി ശിക്ഷ വിധിച്ചു. 2024 ജൂലൈ 22-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സ്വന്തം സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും കലാപത്തിന് പ്രേരിപ്പിച്ചതിനും മൂന്ന് പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 53 പേർക്ക് പത്തുവർഷവും, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച് കലാപത്തിൽ പങ്കെടുത്ത ഒരാൾക്ക് പതിനൊന്ന് വർഷം തടവ് ശിക്ഷയും ലഭിച്ചു.

ഇവരെ ശിക്ഷാ കാലാവധിയ്ക്ക് ശേഷം നാട് കടത്തുന്നതാണ്. ഇവരിൽ നിന്ന് പിടിച്ചെടുത്ത മുഴുവൻ ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

പൊതുസ്ഥലത്ത് ഒത്തുകൂടൽ, അശാന്തി ഉണ്ടാക്കൽ, പൊതു സുരക്ഷ തടസ്സപ്പെടുത്തൽ, പ്രതിഷേധങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യൽ എന്നീ കുറ്റകൃത്യങ്ങളിൽ തങ്ങളുടെ പങ്കാളിത്തം 30 അംഗ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതിന് ശേഷമാണ് പ്രതികളെ വിചാരണയ്ക്ക് വിധേയമാക്കിയത്. പ്രതികളിൽ പലരും തങ്ങൾ ആരോപിക്കപ്പെട്ട കുറ്റങ്ങൾ സമ്മതിച്ചിട്ടുണ്ട്.

പ്രതിഷേധക്കാർക്ക് താക്കീത് നൽകിയിട്ടും, പിരിഞ്ഞുപോകാൻ നിർദ്ദേശം നൽകിയിട്ടും അവർ അത് അനുസരിച്ചില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിചാരണ വേളയിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.