അബുദാബി ഷോപ്പിംഗ് സീസണിന് തുടക്കമായി

UAE

വൻ വിലക്കുറവുകളുമായി ഒമ്പത് ആഴ്ച്ച നീണ്ട് നിൽക്കുന്ന അബുദാബി ഷോപ്പിംഗ് സീസൺ ഡിസംബർ 10 മുതൽ ആരംഭിച്ചതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു. എമിറേറ്റിലുടനീളമുള്ള വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിൽ ഈ ഷോപ്പിംഗ് സീസണിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് പ്രത്യേക വിലക്കിഴിവുകൾ ലഭിക്കുന്നതാണ്.

അബുദാബി ഷോപ്പിംഗ് സീസൺ 2020 ഡിസംബർ 10 മുതൽ 2021 ഫെബ്രുവരി 14 വരെ നീണ്ട് നിൽക്കുന്നതാണ്. വാണിജ്യ സ്ഥാപനങ്ങളിലും മറ്റും ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെയും ശീതകാല പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രത്യേക ആനുകൂല്യങ്ങളും ഈ ഷോപ്പിംഗ് പദ്ധതിയുടെ കീഴിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.

ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന്റെ ചില്ലറ വില്പന സംവിധാനമായ റീറ്റെയ്ൽ അബുദാബിയാണ് ഈ വാണിജ്യ മേള സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് പ്രത്യേക ഇളവുകളും, ആനുകൂല്യങ്ങളും ലഭ്യമാകുന്ന റീറ്റെയ്ൽ അബുദാബി വൺ എന്ന പദ്ധതിയും നടപ്പിലാക്കുന്നതാണ്. ഉപഭോക്താക്കൾക്ക് ഈ മേളയുടെ കീഴിൽ അബുദാബി, അൽ ഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിലെ ഇരുപതോളം മാളുകളിലുൾപ്പടെയുള്ള ഏതാണ്ട് 3500-ൽ പരം ചില്ലറ വില്പന ശാലകളിൽ 80 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്നതാണ്.