എമിറേറ്റിലെ COVID-19 നിയന്ത്രണങ്ങളിൽ 2022 ഫെബ്രുവരി 26, ശനിയാഴ്ച്ച മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു. 2022 ഫെബ്രുവരി 25-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നല്കിയത്.
ഈ അറിയിപ്പ് പ്രകാരം അബുദാബിയിൽ COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർ, രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്നവർ, വാണിജ്യ, ടൂറിസം ഇടങ്ങൾ സന്ദർശിക്കുന്നവർ, എമിറേറ്റിലേക്ക് യാത്ര ചെയ്യുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതാണ്. എമിറേറ്റിലെ COVID-19 രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നടപടി.
2022 ഫെബ്രുവരി 26 മുതൽ അബുദാബിയിലെ COVID-19 മുൻകരുതൽ നിബന്ധനകളിൽ വരുത്തുന്ന ഭേദഗതികൾ:
COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർക്കും, രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്നവർക്കുമുള്ള നിർദ്ദേശങ്ങൾ:
- COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർക്ക്, ഇവർ ഹോം ക്വാറന്റീനിൽ തുടരുന്ന കാലയളവിൽ ഏർപ്പെടുത്തിയിരുന്ന, കൈകളിൽ ധരിക്കുന്ന റിസ്റ്റ് ബാൻഡ് ഒഴിവാക്കും.
- COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ക്വാറന്റീൻ ഒഴിവാക്കും. ഇവർക്ക് ഇതിന് പകരമായി തുടർച്ചയായി അഞ്ച് ദിവസം ദിനം തോറും PCR ടെസ്റ്റ് നടത്തേണ്ടതാണ്.
വാണിജ്യ കേന്ദ്രങ്ങൾ, ടൂറിസം മേഖലകൾ എന്നിവയ്ക്കുള്ള നിർദ്ദേശങ്ങൾ:
- ഇത്തരം ഇടങ്ങളുടെ പ്രവർത്തന ശേഷി 90 ശതമാനത്തിലേക്ക് ഉയർത്തുന്നതാണ്.
- അബുദാബിയിലെ ഇത്തരം ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. എന്നാൽ ഔട്ഡോർ പൊതു ഇടങ്ങളിൽ മാസ്കുകൾ ആവശ്യമെങ്കിൽ ഒഴിവാക്കാവുന്നതാണ്. സമൂഹ അകലം പാലിക്കേണ്ടതാണ്.
- ഇത്തരം ഇടങ്ങളിലേക്ക് പ്രവേശിക്കുന്ന ജീവനക്കാർ, സന്ദർശകർ എന്നിവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഗ്രീൻ പാസ് സ്റ്റാറ്റസ്, EDE സ്കാനർ പരിശോധന എന്നിവ തുടരുന്നതാണ്.
പൊതു ചടങ്ങുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ:
- പൊതു ചടങ്ങുകളുടെ പ്രവർത്തന ശേഷി 90 ശതമാനത്തിലേക്ക് ഉയർത്തുന്നതാണ്.
- അബുദാബിയിലെ ഇൻഡോർ വേദികളിൽ നടത്തുന്ന പൊതു ചടങ്ങുകളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. എന്നാൽ ഔട്ഡോർ പൊതു ഇടങ്ങളിൽ നടത്തുന്ന ചടങ്ങുകളിൽ മാസ്കുകൾ ആവശ്യമെങ്കിൽ ഒഴിവാക്കാവുന്നതാണ്. സമൂഹ അകലം പാലിക്കേണ്ടതാണ്.
- ഇത്തരം ചടങ്ങുകളിലേക്കുള്ള പ്രവേശനം ഗ്രീൻ പാസ് അല്ലെങ്കിൽ PCR നിബന്ധനകൾക്ക് വിധേയമാക്കിയിട്ടുള്ള തീരുമാനം തുടരും.
സ്വകാര്യ ചടങ്ങുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ:
- സ്വകാര്യ ചടങ്ങുകളുടെ പ്രവർത്തന ശേഷി 90 ശതമാനത്തിലേക്ക് ഉയർത്തുന്നതാണ്.
- അബുദാബിയിലെ ഇൻഡോർ വേദികളിൽ നടത്തുന്ന സ്വകാര്യ ചടങ്ങുകളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. എന്നാൽ ഔട്ഡോർ വേദികളിൽ നടത്തുന്ന സ്വകാര്യ ചടങ്ങുകളിൽ മാസ്കുകൾ ആവശ്യമെങ്കിൽ ഒഴിവാക്കാവുന്നതാണ്. സമൂഹ അകലം പാലിക്കേണ്ടതാണ്.
അബുദാബിയിലെ സർക്കാർ ഓഫീസുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ:
- ഇത്തരം ഇടങ്ങളിൽ പ്രവേശിക്കുന്ന ജീവനക്കാർ, സന്ദർശകർ, കരാറുകാർ തുടങ്ങിയവർക്ക് ഗ്രീൻ പാസ് നിർബന്ധം.
- വാക്സിനെടുക്കാത്ത ജീവനക്കാർക്ക് പ്രവേശനം അനുവദിക്കില്ല. ഇതിൽ ഔദ്യോഗിക ഇളവ് നേടിയിട്ടുള്ളവർക്ക് ഈ നിയന്ത്രണം ബാധകമല്ല.
അബുദാബിയിലേക്കുള്ള യാത്രകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ:
- ഗ്രീൻ ലിസ്റ്റ് സംവിധാനം ഒഴിവാക്കും.
- ഗ്രീൻ ലിസ്റ്റ് അടിസ്ഥാനമാക്കി യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന COVID-19 ടെസ്റ്റിംഗ് നിബന്ധനകൾ ഒഴിവാക്കും.
- എല്ലാ അന്താരാഷ്ട്ര യാത്രികർക്കും ക്വാറന്റീൻ ഒഴിവാക്കുന്നതാണ്.
യു എ ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് നിബന്ധനകൾ, EDE സ്കാനർ പരിശോധനകൾ എന്നിവ 2022 ഫെബ്രുവരി 28, തിങ്കളാഴ്ച്ച മുതൽ ഒഴിവാക്കുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്ത് COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ, രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർ, പള്ളികളിൽ പ്രവേശിക്കുന്ന വിശ്വാസികൾ, ചടങ്ങുകളിൽ പങ്കെടുക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള COVID-19 പ്രതിരോധ നിബന്ധനകളിൽ കൂടുതൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി NCEMA അറിയിച്ചിരുന്നു.