അബുദാബി: മെയ് 30 മുതൽ സർക്കാർ സ്ഥാപനങ്ങളിലെ ഹാജർ നില 60 ശതമാനത്തിലേക്ക് ഉയർത്താൻ തീരുമാനം

UAE

2021 മെയ് 30 മുതൽ എമിറേറ്റിലെ സർക്കാർ മേഖലയിലെ ഓഫീസുകളിലും, സ്ഥാപനങ്ങളിലും ഹാജർ നില അറുപത് ശതമാനത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. അബുദാബിയിലെ സർക്കാർ മേഖലയിലെ മുഴുവൻ ജീവനക്കാർക്കും, കരാർ അടിസ്‌ഥാനത്തിലുള്ള ജീവനക്കാർക്കും ഈ തീരുമാനം ബാധകമാണ്.

മെയ് 25-ന് രാത്രിയാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം സർക്കാർ മേഖലയിലെ താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെടുന്ന ജീവനക്കാർക്ക് റിമോട്ട് വർക്കിംഗ് രീതി തുടരാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്:

  • അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ.
  • വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ.
  • രോഗപ്രതിരോധ ശക്തി സംബന്ധമായ പ്രശ്നങ്ങളുള്ളവർ.
  • ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ.
  • വികലാംഗർ.
  • റിമോട്ട് രീതിയിൽ പഠനം തുടരുന്ന (ഗ്രേഡ് 10 വരെ) വിദ്യാർത്ഥികളുടെ ഒരു രക്ഷിതാവിന്, ഈ അധ്യയന വർഷം അവസാനിക്കുന്നത് വരെ വിദൂര രീതിയിൽ ജോലി ചെയ്യാൻ അനുമതിയുണ്ട്.

തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിനായി മുഴുവൻ ജീവനക്കാർക്കും നിശ്ചിത ഇടവേളകളിൽ COVID-19 പരിശോധനകൾ നിർബന്ധമാക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ചെലവ് ജീവനക്കാർ വഹിക്കേണ്ടതാണ്. വാക്സിനെടുക്കാത്ത ജീവനക്കാർക്ക് ഓരോ ആഴ്ച്ച തോറും ഇത്തരം ടെസ്റ്റുകൾ നിർബന്ധമാണ്. വാക്സിൻ എടുക്കുന്നതിന് ഇളവ് അനുവദിച്ചിട്ടുള്ളവർക്ക് മാത്രമാണ് (ആരോഗ്യ വകുപ്പിൽ നിന്നുള്ള ഇത് സംബന്ധമായ സർട്ടിഫിക്കറ്റ് നിർബന്ധം) ഇത്തരം പരിശോധനകളുടെ ചെലവുകൾ ഒഴിവാക്കി നൽകുന്നത്.

തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിനായി വാക്സിനെടുത്ത ജീവനക്കാർക്ക്, അവർ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് 28 ദിവസം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ഓരോ മാസം തോറും ഒരു തവണ ടെസ്റ്റ് നടത്തേണ്ടതാണ്. ‘Alhosn’ ആപ്പിൽ ഗോൾഡ് സ്റ്റാർ, അല്ലെങ്കിൽ ‘E’ ചിഹ്നം ഉള്ളവർക്ക് ഈ പരിശോധനകൾ ഒഴിവാക്കി നൽകിയിട്ടുണ്ട്.