COVID-19 പരിശോധനകൾക്കായി അബുദാബിയിലേക്കുള്ള പ്രവേശനകവാടങ്ങളിൽ പുതിയ സ്കാനർ സംവിധാനം ഏർപ്പെടുത്തുന്നു

featured GCC News

എമിറേറ്റിലെ പ്രവേശനകവാടങ്ങളിലും, ഏതാനം പൊതു ഇടങ്ങളിലും COVID-19 രോഗസാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി ഒരു നൂതന സ്കാനർ സംവിധാനം ഉപയോഗിക്കാൻ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അനുമതി നൽകി. ജനക്കൂട്ടം അനുഭവപ്പെടുന്ന ഇടങ്ങളിലും മറ്റും COVID-19 രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ വളരെ പെട്ടന്ന് കണ്ടെത്തുന്നതിന് ഈ സ്കാനറിലൂടെ സാധിക്കുന്നതാണ്.

ജൂൺ 16-ന് രാവിലെയാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. പൊതു ഇടങ്ങളിലേക്കും മറ്റുമുള്ള പ്രവേശനകവാടങ്ങൾ പോലുള്ള ഇടങ്ങളിൽ ഒരേ സമയം ഒരു കൂട്ടം ആളുകളെ പരിശോധിക്കുന്നതിനും, ഇതിൽ നിന്ന് രോഗസാധ്യതയുള്ളവരെ കണ്ടെത്തുന്നതിനും ഈ സ്കാനർ സംവിധാനം പര്യാപ്തമാണ്. ദൂരെ നിന്ന് പരിശോധനകൾ നടത്തുന്നതിനൊപ്പം പരിശോധനാ ഫലങ്ങൾ തത്സമയം അറിയുന്നതിനും, രോഗസാത്യതയുള്ളവരെ ഉടൻ തന്നെ കണ്ടെത്തുന്നതിനും ഈ സംവിധാനത്തിലൂടെ സാധ്യമാണ്.

എമിറേറ്റിലെ നിലവിലുള്ള COVID-19 പ്രതിരോധ നടപടികൾക്ക് പുറമെയാണ് ഈ സ്കാനർ സംവിധാനം ഏർപ്പെടുത്തുന്നതെന്നും, നിലവിലെ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംവിധാനം ആദ്യ ഘട്ടത്തിൽ അബുദാബിയിൽ താഴെ പറയുന്ന ഇടങ്ങളിലാണ് നടപ്പിലാക്കുന്നത്:

  • എമിറേറ്റിലേക്കുള്ള പ്രവേശന കവാടങ്ങളിൽ. എമിറേറ്റിലേക്ക് പ്രവേശിക്കുന്നവരിൽ പരിശോധന നടത്തുന്നതാണ്.
  • യാസ് ഐലൻഡിലെ ഏതാനം പൊതു ഇടങ്ങളിൽ.
  • മുസഫ മേഖലയിലേക്ക് പ്രവേശനം നൽകുന്ന നിശ്ചിത ഇടങ്ങളിൽ.
Source: WAM.

ഈ സ്കാനർ സംവിധാനത്തിലൂടെ നെഗറ്റീവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. അതെ സമയം ഒരു വ്യക്തിക്ക് COVID-19 രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഈ സ്കാനർ കണ്ടെത്തുന്ന സാഹചര്യത്തിൽ ഇവർ 24 മണിക്കൂറിനിടയിൽ ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇത്തരത്തിൽ രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരിൽ നടത്തുന്ന PCR ടെസ്റ്റുകൾ സൗജന്യമായിരിക്കും.

ഈദ് അവധിക്ക് ശേഷം രാജ്യത്ത് COVID-19 രോഗവ്യാപനം ഉയരുന്നതായി കണ്ടെത്തിയതായി യു എ ഇ ആരോഗ്യ മേഖലയിലെ ഔദ്യോഗിക വക്താവ് ഡോ ഫരീദ അൽ ഹോസാനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ എമിറേറ്റിലെ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനായാണ് ഈ നടപടി. പ്രതിരോധ നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ അബുദാബി ഗ്രീൻ പാസ് ഏർപ്പെടുത്തിയിട്ടുണ്ട്.