എമിറേറ്റിലെ ഡ്രൈവിംഗ് ലൈസൻസ്, വാഹന ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന് (ITC) കീഴിലേക്ക് മാറ്റാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
ഡ്രൈവിംഗ് ലൈസൻസ്, വാഹന ലൈസൻസ് എന്നിവ കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന്റെ സേവനങ്ങൾ വിപുലീകരിക്കാൻ തീരുമാനിച്ചതായാണ് അബുദാബി മീഡിയ ഓഫീസ് റിപ്പോർട്ട് അറിയിച്ചിരിക്കുന്നത്.
നിലവിൽ ഇത്തരം സേവനങ്ങൾ അബുദാബി പൊലീസാണ് നൽകിവരുന്നത്. എമിറേറ്റിൽ ഒരു ഏകീകൃത ട്രാൻസ്പോർട്ട് ലൈസൻസിങ്ങ് സംവിധാനം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സേവനങ്ങൾ ITC-യുടെ കീഴിലേക്ക് മാറ്റുന്നത്.
അബുദാബി പോലീസുമായി സഹകരിച്ചാണ് ITC ഇത് നടപ്പിലാക്കുന്നത്. നിലവിൽ നൽകിവരുന്ന ഡ്രൈവിംഗ് ലൈസൻസ്, വാഹന ലൈസൻസ് എന്നിവയുടെ സേവനങ്ങൾക്ക് തടസം വരാത്ത രീതിയിൽ അബുദാബി പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സുമായി സഹകരിച്ചായിരിക്കും ഇത് പ്രാവർത്തികമാക്കുന്നത്.
ഇത്തരം സേവനങ്ങൾ പൂർണ്ണമായും ITC-യുടെ കീഴിലേക്ക് മാറ്റുന്നത് പൂർത്തിയാക്കുന്നത് വരെയുള്ള കാലയളവിൽ, നിലവിലുള്ള ലൈസൻസിങ്ങ് സേവനകേന്ദ്രങ്ങളിൽ നിന്നും, ഡിജിറ്റൽ സംവിധാനങ്ങളിൽ നിന്നും ഈ സേവനങ്ങൾ തടസം കൂടാതെ സാധാരണ രീതിയിൽ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സേവനങ്ങൾ പൂർണ്ണമായും ITC-യുടെ കീഴിലേക്ക് മാറ്റുന്നത് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തീയതികളൊന്നും അധികൃതർ നിലവിൽ പ്രഖ്യാപിച്ചിട്ടില്ല.
Cover Image: WAM.